തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഭൂമിക. ഭ്രമരത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് നടി ഭൂമിക മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ അതിനു മുന്‍പു തന്നെ തമിഴില്‍ നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്നു.ഇപ്പോഴും അഭിനയത്തില്‍ സജീവമായി തുടരുകയാണ്. നായിക റോള്‍ തന്നെ വേണമെന്ന വാശിയൊന്നും തനിക്കില്ലെന്നാണ് നടി പറയാറുള്ളത്.
അതുപോലെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളും നടിക്കുണ്ട്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ് ഭൂമിക. ഇതിനിടയില്‍ പങ്കാളിയെക്കുറിച്ചുള്ള ചോദ്യത്തിനു വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.
ജയം രവി നായകനാവുന്ന ബ്രദര്‍ എന്ന സിനിമയില്‍ ഭൂമികയും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ദീപാവലി റിലീസായി 31ന് സിനിമ തിയറ്ററുകളിലെത്തും. ഇതിനു മുന്നോടിയായി പ്രൊമോഷന് തിരക്കുകളിലാണ് ഭൂമിക അടക്കമുള്ള താരങ്ങള്‍. അങ്ങനെ നല്കിയ അഭിമുഖത്തിലൂടെയാണ് പങ്കാളിയെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ നടി സംസാരിച്ചത്. എല്ലാവര്ക്കും അവരെ മനസിലാക്കുന്ന നല്ലൊരു പങ്കാളി ഉണ്ടായിരിക്കണം.
എന്റെ ഭര്‍ത്താവ് അങ്ങനൊരാളാണ്. മാത്രമല്ല അദ്ദേഹമൊരു സ്വപ്നജീവിയാണെന്ന് പറയാം. ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഞാനും അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ക്കു പിന്തുണ കൊടുക്കുന്നു. ഭര്‍ത്താവ് എനിക്കും സപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ജീവിതമല്ലേ ഉള്ളൂ, അത് ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുകയാണ് വേണ്ടത്. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല, എനിക്കിതു വേണ്ട എന്നൊന്നും വിചാരിക്കാതെ നമ്മുടെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുക.
വിജയമോ പരാജയമോ അതൊന്നും കാര്യമാക്കേണ്ടതില്ല. ലക്ഷ്യത്തിലേക്ക് എത്താന്‍ ശ്രമിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. വിവാഹം ഒരാളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണോ എന്നു ചോദിച്ചാല്‍ കൃത്യമായൊരു പങ്കാളിയെ കണ്ടെത്തുകയാണെങ്കില്‍ അതു പ്രധാനപ്പെട്ടതാണ്. ഇനി പങ്കാളിയായി കണ്ടെത്തുന്നത് ശരിയായിട്ടുള്ള ആളല്ലെങ്കില്‍ ജീവിതത്തില്‍ സന്തോഷമുണ്ടാവില്ല. അങ്ങനെയുള്ളപ്പോള്‍ ആ ജീവിതം കൊണ്ട് അര്‍ഥമില്ല.
അത്തരക്കാര്‍ ആ ദാമ്പത്യവുമായി മുന്നോട്ടുപോകാത്തതാണ് നല്ലത്. വിവാഹം എന്നു പറയുന്നത് രണ്ടു വ്യക്തികള്‍ പരസ്പരം ബഹുമാനം കൊടുക്കേണ്ട ഒരു കംപാനിയന്‍ഷിപ്പ് ആണ്. എല്ലാ ആളുകളും വ്യത്യസ്തരായിരിക്കും. ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടാവും. ചില സമയത്ത് കംപാനിയന്‍ഷിപ്പ് ആണെങ്കില്‍ ചില സമയത്ത് അഡ്ജസ്റ്റ്മെന്റുകള്‍ ആയിരിക്കും. ഒരു കൊടുക്കല്‍ വാങ്ങാല്‍ പോലെ ആണ്.
കരിയര്‍, വിവാഹം, സാമ്പത്തികം എല്ലാത്തിനും എല്ലാവരും സ്വയം ഉത്തരവാദികളാണ്. പിന്നെ നമ്മുടെ ആരോഗ്യമെന്ന് പറയുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതില്‍ വേറെയാര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. കുടുംബം, കരിയര്‍ എന്നതിനൊപ്പം ആരോഗ്യത്തിനും പ്രധാന്യം കൊടുക്കണം- ഭൂമിക വ്യക്തമാക്കി