റായ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. മോദിക്ക് ശരിയായ ഉറക്കം ലഭിക്കാത്തതുമൂലം അദ്ദേഹത്തിന്റെ മാനസിക നില തെറ്റിയെന്ന് ഭൂപേഷ് ബാഗൽ പറഞ്ഞു. മോദിക്ക് വൈദ്യസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി മരിച്ചിട്ട് വർഷങ്ങളായി. മോദി ഇപ്പോഴും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ രാജീവ് ഗാന്ധിയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. 3-4 മണിക്കൂർ മാത്രം ഉറങ്ങുന്നതെന്നാണ് മോദി പറയുന്നത്. ഉറക്കം കുറഞ്ഞതോടെ മോദിയുടെ മാനസിക നില തെറ്റിയെന്നും ഭൂപേഷ് പരിഹസിച്ചു.
രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനാണെന്ന് മോദി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഭൂപേഷ് ബാഗൽ. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി രാജീവ് ഗാന്ധിക്കെതിരേ വിവാദ പരാമർശം നടത്തിയത്.
നിങ്ങളുടെ പിതാവിനെ മിസ്റ്റർ ക്ലീൻ എന്നായിരിക്കും നിങ്ങളുടെ സേവകർ വിശേഷിപ്പിക്കുന്നത്. എന്നാൽ ഒന്നാം നന്പർ അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്- ബോഫോഴ്സ് കേസ് സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു.