മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്നിൽ ഭൂമിക്കായുള്ള ആദിവാസികളുടെ ഭൂസമരം 797 ദിവസം പിന്നിട്ടു. 2016 ജനുവരി 15 മുതലാണ് കൃഷിഭൂമിക്കും വീടിനുമായി മൂർത്തിക്കുന്നിലെ 22 ആദിവാസി കുടുംബങ്ങൾ സമീപത്തെ വനഭൂമി കയ്യേറി കുടിലുകൾ കെട്ടി രാപകൽ സമരം ആരംഭിച്ചത്.
സമരം നടത്തി വരുന്ന ഭൂമി തന്നെ ആദിവാസികൾക്ക് നൽകാൻ കഴിഞ്ഞ ജൂലൈയിൽ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചകളിൽ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. മൂർത്തിക്കുന്നിലെ 14.67 ഏക്കർ വനഭൂമി റവന്യൂ ഭൂമിയാക്കി നൽകാനായിരുന്നു തീരുമാനം.
ഇത്രയും വനഭൂമി നഷ്ടപ്പെടുന്നതിന് പകരമായി അട്ടപ്പാടി അഗളിയിൽ 29 ഏക്കർ വരുന്ന മിച്ചഭൂമി വനംവകുപ്പിന് കൈമാറാനും തീരുമാനിച്ചിരുന്നു.എന്നാൽ തീരുമാനം എടുത്ത് പത്ത് മാസത്തോളമായിട്ടും ഭൂമി വിതരണം അനിശ്ചിതാവസ്ഥയിലാണെന്നാണ് പരാതി.അതേ സമയം, ഭൂമി ലഭിക്കും വരെ സമരം എന്ന നിലപാടിലാണ് സമരം തുടരുന്നത്.