ടി.ജി.ബൈജുനാഥ്
ശരിക്കും ഞെട്ടിച്ചു, ഭയന്നുപോയി, ഉറക്കം കളഞ്ഞു…ഭൂതകാലം സോണി ലൈവിൽ എത്തിയതു മുതൽ ഇതൊക്കെയാണ് സോഷ്യൽമീഡിയയിലെ കമന്റുകൾ. ഷെയ്്നിന്റെയും രേവതിയുടെയും അഭിനയമികവ് കമന്റുകളിൽ തിളങ്ങി.
എക്സോർസിസ്റ്റിനുശേഷം കണ്ട റിയലിസ്റ്റിക് ഹൊറർ സിനിമ എന്നു ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ. ഇതൊക്കെപ്പോരെ സംവിധായകൻ രാഹുൽ സദാശിവന് ‘ഭൂതകാല’മോർത്ത് അഭിമാനിക്കാൻ.
എന്നെ മനസിലാക്കിയിരുന്നെങ്കിൽ…
‘അമ്മയ്ക്കറിയോ എനിക്കെന്താ വേണ്ടതെന്ന്. എന്നെ സ്നേഹിക്കുന്നവർ, ഞാൻ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കണം. അതു മാത്രം മതി…’
- ഭൂതകാലത്തിൽ ഷെയ്നിന്റെ കഥാപാത്രം വിനു അമ്മയോടു പറയുകയാണ്. എന്നെ മനസിലാക്കിയിരുന്നെങ്കിൽ…നമ്മളിൽ പലരുടെയും മൗനനൊന്പരം ഇതല്ലാതെ മറ്റെന്താണ്. ജീവിതത്തോടു ചേർന്നുനിൽക്കുന്ന സിനിമകളെ സ്നേഹിക്കുന്നവർക്കുള്ള കാഴ്ചയാണു ‘ഭൂതകാലം’.
‘ വെവ്വേറെ ലോകങ്ങളിൽ ജീവിക്കുന്ന ഒരമ്മയുടെയും മകന്റെയും കഥയാണല്ലോ. ഒടുവിൽ അവർഒന്നാവുകയാണ്. സ്നേഹത്തിനു മേൽ വേറൊന്നുമില്ല എന്ന ചിന്തയാണു സിനിമ പറയുന്നത്.
കൂടെ ഒരുമിച്ചുണ്ടെങ്കിൽ നമുക്ക് എത്ര ഇരുട്ടും നേരിടാനാവും. ഈ ലോകത്ത് ഒറ്റപ്പെടുക എന്നതിനേക്കാൾ വലിയൊരു പേടിയില്ലല്ലോ.’ – സംവിധായകൻ രാഹുൽ സദാശിവൻ പറയുന്നു.
പേടി പങ്കിടുമോ?
സിനിമയുടെ രചനയ്ക്കു പ്രേരണയായി വ്യക്തിപരമായ ഹൊറർ അനുഭവങ്ങളൊന്നുമില്ലെന്നു സംവിധായകൻ. ‘ ഇതു കെട്ടിച്ചമച്ച കഥയാണ്. ഈ സിനിമയുടെ തീം പേടിയാണ്. സന്തോഷം നമുക്ക് എങ്ങനെ വേണമെങ്കിലും പങ്കുവയ്ക്കാം.
പക്ഷേ, പേടി എത്രപേർ പങ്കുവയ്ക്കും. സന്തോഷവാർത്തയാണെങ്കിൽ നമ്മൾ നാലുപേരെ വിളിച്ചുപറയും. പേടിപ്പെടുത്തുന്നതാണെങ്കിൽ വളരെ ആലോചിച്ചിട്ടേ മറ്റൊരാളോടു പറയുകയുള്ളൂ.
കഥ കെട്ടിച്ചമച്ചതാണെങ്കിൽ പോലും (ഫിക്്ഷണൽ) അതിൽ എത്രത്തോളം റിയാലിറ്റി കൊണ്ടുവരാം എന്നതിനാണു ശ്രമിച്ചത്. ‘
ഹൊറർ ഇഷ്ടമാണ്
രാഹുലിന്റേതാണു ഭൂതകാലത്തിന്റെ കഥ. രാഹുലും ശ്രീകുമാർ ശ്രേയസും ചേർന്നാണു തിരക്കഥയൊരുക്കിയത്. ‘ ഹൊററിൽ എന്തു പുതുമ കൊണ്ടുവരാനാവും. അതായിരുന്നു ചിന്ത. എനിക്കു ഹൊറർ ജോണർ വലിയ ഇഷ്ടമാണ്.
കുറേ സൈലന്റ് മൂവ്മെന്റ്സ് വളരെ സൂക്ഷ്മമായി എങ്ങനെ കൊണ്ടുവരാം എന്ന് ആലോചിച്ചു. കഥാപാത്രസ്വഭാവം, കഥാപാത്രങ്ങൾ, കഥ സംഭവിക്കുന്നഇടത്തിന്റെ പ്രത്യേകത, ആ അന്തരീക്ഷം, അതുരൂപപ്പെടുത്തുന്ന മൂഡ്… അതിലൂടെ കൊണ്ടുവന്നാൽ കുറച്ചു വർക്ക് ആകുമെന്നു തോന്നി’ – രാഹുൽപറയുന്നു.
സൈക്കോളജി
സൈക്കോളജിയെ ഈ സിനിമയിൽ ഒരു അടിസ്ഥാന ഘടകമായി മാത്രമേ കണ്ടിട്ടുള്ളൂവെന്നു സംവിധായകൻ വ്യക്തമാക്കുന്നു. ‘ ചില കഥാപാത്രങ്ങൾക്ക് ഒരു സൈക്കോളജിക്കൽ ഹിസ്റ്ററി ഉണ്ട് എന്ന ബാക്ക് സ്റ്റോറി കൊണ്ടുവന്നാൽ നന്നായിരിക്കുമെന്നു തോന്നി.
ക്ലിനിക്കൽ ഡിപ്രഷൻ ഒരു സെൻസിറ്റീവ് വിഷയമാണല്ലോ. അതിന് ഏറെ പ്രാധാന്യം നല്കാതെ മൊത്തത്തിലുള്ള പ്രമേയവുമായി ബന്ധിപ്പിക്കാനാണു ശ്രമിച്ചത്.’
അവരെ മനസിൽക്കണ്ട്…
ഷെയ്നെയും രേവതിയെയും മനസിൽ കണ്ട് എഴുതിയ സിനിമയാണ് ഭൂതകാലമെന്ന് സംവിധായകൻ. ‘പേടി വലിയ ബഹളങ്ങളൊന്നുമില്ലാതെ കണ്ണുകളിലും മുഖഭാവങ്ങളിലും കൂടി ചെറിയ രീതിയിൽ ഫലിപ്പിക്കാൻ പറ്റിയ അഭിനേതാക്കൾ ആരെന്ന് ആലോചിച്ചപ്പോൾ എന്റെ മനസിൽ കയറിവന്നതു ഷെയ്നും രേവതിചേച്ചിയുമായിരുന്നു.
അവരെ മനസിൽ വച്ചു തന്നെയാണ് എഴുതിയത്. അതുവർക്കൗട്ടായി എന്നതു വലിയ അനുഗ്രഹമാണ്.രേവതിച്ചേച്ചി, ഷെയ്ൻ നിഗം, സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേൽ...
എല്ലാവരും സെറ്റിൽ വന്നപ്പോൾ ഇംപ്രോവൈസായി. അവരുടേതായ ഒരു ബെസ്റ്റ് വേർഷൻ കിട്ടി. ചെറിയ വേഷമാണു വൽസല മേനോൻ ചെയ്തത്. പക്ഷേ,അതു സിനിമയ്ക്കു ഗുണം കിട്ടുന്ന രീതിയിൽ വന്നതു സഹായകമായി.’
രേവതിയും ഷെയ്നും
2019 ലാണു രേവതിയോടു രാഹുൽ കഥ പറഞ്ഞത്. കേട്ടപ്പോൾ തന്നെ രേവതിക്കു കഥ ഇഷ്ടമായി. സമ്മതം പറഞ്ഞു. ‘ പേടി എന്ന ഘടകത്തിനപ്പുറം അമ്മയുടെയും മകന്റെയും കഥ…അതാണു ചേച്ചിയെ ഇതിലേക്ക് അടുപ്പിച്ചത്.
പിന്നീടാണു ഷെയ്നിനെ കാസ്റ്റ് ചെയ്തത്. കഥ പറഞ്ഞപ്പോൾത്തന്നെ ഷെയ്ന് ഇഷ്ടമായി. ഷെയ്ൻ ഹാപ്പിയായി. ഷൂട്ട് തുടങ്ങുന്നതിന് മുന്നേ തന്നെ ഞങ്ങൾ ഒരുമിച്ചിരുന്നു കഥയെക്കുറിച്ച് ചർച്ചകളുണ്ടായി.
ആ കാരക്ടറിലേക്ക് എത്താനുള്ള ശ്രമങ്ങളുണ്ടായി. ഷെയ്ൻ നല്ല സ്മാർട്ടാണ്. അസാധാരണ പ്രതിഭാവിശേഷമുള്ള നടനാണ്.’- രാഹുൽ പറയുന്നു.
ടെക്നിക്കലിയും സ്ട്രോംഗ്
മികച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും സപ്പോർട്ട് കിട്ടിയതിനാൽ മേക്കിംഗിൽ വെല്ലുവിളികൾ അനുഭവപ്പെട്ടില്ലെന്ന് രാഹുൽ.
‘സമയവും സാഹചര്യവും കിട്ടുന്പോൾ നന്നായി പ്ലാൻ ചെയ്താൽ ഈസിയായി സിനിമ ചെയ്യാനാവും. എന്നാലും പരിമിതികളുണ്ടാവാം. ടെക്നിക്കൽ സൈഡും നല്ല സ്ട്രോംഗായിരുന്നു.
ഛായാഗ്രഹണം ഷെഹനാദ് ജലാൽ. എഡിറ്റിംഗ് ഷെഫീക് മുഹമ്മദ് അലി. ബാക്ക് ഗ്രൗണ്ട് സ്കോറിംഗ് ഗോപി സുന്ദർ. ഓഡിയോഗ്രഫി എം. ആർ. രാജാകൃഷ്ണൻ. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് റോണക്സ് സേവ്യർ. ഡിഐ ലിജു പ്രഭാകർ.’
ശബ്ദവും നിശബ്ദതയും
കഥവഴിയിലെ തിരിവുകളിൽ ശബ്ദവും നിശബ്ദതയും ചേരുംപടി ചേർത്താണ് ഭൂതകാലത്തിൽ പേടി അനുഭവപ്പെടുത്തുന്നത്. അതേക്കുറിച്ചു സംവിധായകൻ പറയുന്നതിങ്ങനെ – ‘ സൈലൻസുള്ള ഏറെ മൂവ്മെന്റ്സുണ്ട് സിനിമയിൽ.
എഴുതുന്പോൾത്തന്നെ ഏതു ഭാഗത്ത് സൈലൻസ് വേണം എന്നതിനെക്കുറിച്ച് ഐഡിയ ഉണ്ടായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയപ്പോൾ അതു ടെക്നിക്കൽ ടീമിനെ അറിയിച്ചു.
അവർ അതു നന്നായി ചെയ്തുതന്നു. പശ്ചാത്തലസംഗീതമൊരുക്കിയതു ഗോപിസുന്ദർ. പേടിപ്പിക്കുന്ന ശബ്ദങ്ങൾ ഡിസൈൻ ചെയ്തതു സപ്ത സ്റ്റുഡിയോയിൽ, വിക്കിയും കിഷനും. ഫൈനൽ മിക്സിംഗ് ചെയ്തത് എം. ആർ.രാജാകൃഷ്ണൻ.’
അതു സെറ്റിട്ടതല്ല
ഭൂതകാലത്തിലെ വാടകവീടും ഒരു കഥാപാത്രമെന്നപോലെ അനുഭവപ്പെടുന്നു. കുറേ അന്വേഷണങ്ങൾക്കൊടുവിലാണ് ആ വീട്ടിലേക്ക് എത്തിയതെന്ന് സംവിധായകൻ.
‘അതു സെറ്റിട്ടതല്ല. എറണാകുളത്തുള്ള ഒരു വീടാണത്. അതിന്റെ പെയിന്റിംഗ്, ഭിത്തികൾ, കർട്ടൻ, ഫർണീച്ചർ…എല്ലാത്തിലും വാടകവീടിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്ന തരത്തിൽ രൂപപ്പെടുത്തിയത് കലാസംവിധായകൻ മനു ജഗദാണ്. ഒരു സാധാരണ വീടാണത്. വളരെ സിംപിളായി അതിനെ സിനിമയിൽ അവതരിപ്പിക്കുകയാണ്.’
വീട്ടിലെ സിനിമ
തിയറ്റർ റീലീസ് സാധ്യമാകാത്തതിൽ വിഷമമില്ലെന്ന് രാഹുൽ. ‘ ഒാരോ പടത്തിനും ഓരോ വിധിയുണ്ടല്ലോ. സോണി ലൈവിൽ വന്നതു വളരെ സന്തോഷമുള്ള കാര്യമാണ്. തിയറ്ററിലായിരുന്നുവെങ്കിൽ ചിലപ്പോൾ അവസാന സീനുകളൊക്കെ
നല്ല അനുഭവം നല്കിയേക്കാം. സൗണ്ടും സൗണ്ട് ഇഫക്ട്സും….
തിയറ്റർ അനുഭവം വേറൊരുഫീൽ ആണല്ലോ. വീട്ടിൽ ഒറ്റയ്ക്കിരുന്നു ഹെഡ്ഫോണ് വച്ച് ലൈറ്റൊക്കെ ഓഫ് ചെയ്തു തനിയെ കാണുന്പോൾ കിട്ടുന്നതു മറ്റൊരു പ്രത്യേക ഫീലാണ്. അതു വേറെ ലെവലിലുള്ള ഭയമാണ്.രണ്ടും രണ്ടുതരം അനുഭവമാണ്.’ – രാഹുൽപറയുന്നു.