കടുത്തുരുത്തി: എഴുമാന്തുരുത്ത്, പുലിത്തുരുത്ത് മേഖലകളില്‍ രാത്രിയില്‍ വീടുകളിലെത്തി അക്രമവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പതിവായി.
കുറുവ സംഘത്തിന്റെ പശ്ചാത്തലത്തില്‍ ജനം ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ തദേശീയനായ പോലീസ് ഓഫീസറുടെ നേതൃത്വത്തില്‍ രാത്രിയില്‍ തിരച്ചില്‍ ശക്തമായി നടന്ന ദിവസവും വീടുകളില്‍ ശല്യമുണ്ടായതോടെ നാട്ടുകാരും ഭയത്തിലാണ്.
വീടുകളിലെ പൈപ്പ് തുറന്ന് വെള്ളം ഒഴുക്കി കളയുക, വിത്യസ്ത രീതിയില്‍ ഒച്ചയുണ്ടാക്കി ഭയപ്പെടുത്തുക, വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികളാണ് ഉണ്ടായിരിക്കുന്നത്.
തറേവീട്ടില് ബാലന്റെ വീടിനു പുറകിലെ വാതില്‍ തകര്‍ക്കാന്‍ ശ്രമം നടത്തി. വീട്ടുകാര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. ഇതിനിടെ ഇവര്‍ ഓടി രക്ഷപെടുകയായിരുന്നു.
അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലും അടുത്തിടെയുണ്ടായ മോഷണങ്ങളില്‍ അപകടകാരികളായ കുറുവ മോഷണസംഘമാണെയെന്ന തരത്തില്‍ പ്രചരണം ഉണ്ടായതോടെ ജനങ്ങള്‍ക്കിടെയില്‍ ഭയവും പരിഭ്രാന്തിയും വര്‍ധിച്ചിരിക്കുകയാണ്.