കോതമംഗലം: ഭൂതത്താൻകെട്ടിൽ ഡിടിപിസിയുടെ പെഡൽബോട്ടിംഗും കയാക്കിംഗും നിലച്ച് ഒരു വർഷത്തോളമായിട്ടും പുനഃരാരംഭിക്കാൻ നടപടിയായില്ല. ആറു പെഡൽ ബോട്ടുകളും രണ്ടു കയാക്കിംഗ് വഞ്ചികളും ബോട്ടുജെട്ടിയും പരിപാലനമില്ലാതെ നശിക്കുകയാണ്.
ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലാണ് പെഡൽ ബോട്ടിംഗിന് സൗകര്യമൊരുക്കിയിരുന്നത്. വിശാലമായ തടാകത്തിൽ മുതിർന്നവർക്കും കുട്ടികൾക്കും പെഡൽബോട്ട് യാത്ര പ്രിയപ്പെട്ടതായിരുന്നു. കയാക്കിംഗും ആകർഷകമായിരുന്നു.
ബോട്ടുജെട്ടിയുടെയും ബോട്ടുകളുടെയും നിയന്ത്രണം ഡിടിപിസി സ്വകാര്യവ്യക്തികൾക്ക് ലീസിന് നൽകുകയാണ് ചെയ്യുന്നത്. ഇത്തവണ ആരും ഏറ്റെടുക്കാൻ തയാറായില്ല. കർശന നിബന്ധനകളും ഉയർന്ന തുകയുമാണ് കരാറുകാർ വിട്ടുനിൽക്കാൻ കാരണമെന്ന് പറയപ്പെടുന്നു.
സീസണ് ആരംഭിച്ചശേഷം ഇവിടെയെത്തുന്ന സഞ്ചാരികളിൽ പലരും പെഡൽബോട്ട് സവാരിക്ക് താത്പര്യം പ്രകടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഡിടിപിസിക്ക് ലഭിക്കാവുന്ന വരുമാനമാണ് നഷ്ടപ്പെടുന്നത്. ഭൂതത്താൻകെട്ടിലും പെരിയാറിലെ മറ്റു ചില ഭാഗങ്ങളിലും സ്വകാര്യസംരംഭകർ പെഡൽബോട്ടിംഗിനും കയാക്കിംഗിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിടിപിസിയുടെ അനാസ്ഥയാണ് സ്വകാര്യവ്യക്തികൾ നേട്ടമാക്കുന്നതെന്നാണ് ആക്ഷേപം.