കൊച്ചി: ജില്ലയിൽ കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിൽ നാശനഷ്ടം. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. ആകെയുള്ള 15 ഷട്ടറുകളും തുറന്നാണ് നിലവിൽ ജലനിരപ്പ് ക്രമീകരിക്കുന്നത്. നാലു ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിൽ 23 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കളക്ടർ എസ്. സുഹാസ് അറിയിച്ചു.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. മൂവാറ്റുപുഴ താലൂക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഇതിനിടെ ജില്ലയുടെ തീരദേശ മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. ചെല്ലാനത്താണ് കടൽക്ഷോഭം ഏറ്റവും രൂക്ഷമായി തുടരുന്നത്.
ഇവിടെ കടൽ കയറ്റത്തിൽ നിരവധി വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. വൈപ്പിൻ മേഖലകളിലും കടൽകയറ്റം രൂക്ഷമാണ്. കൊച്ചി തീരങ്ങളിൽനിന്നു മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനു ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ ആളുകൾ തയാറാവണമെന്നും കളക്ടർ നിർദേശിച്ചു.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലൂടെ രാത്രിയാത്ര ഒഴിവാക്കണമെന്നും മലയോര മേഖലയിലെ റോഡുകൾക്ക് സമീപം വാഹനങ്ങളൾ നിർത്തിയിടരുതെന്നും മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. വെള്ളക്കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കാനായി മെയിൻ സ്വിച്ച് ഓഫ് ആക്കുക, ശ്രവ്യ, ദൃശ്യ, പത്രമാധ്യമങ്ങളിലൂടെയുള്ള മുന്നറിയിപ്പുകൾ അനുസരിക്കുക തുടങ്ങിയ നിർദേശങ്ങളും ജില്ലാ ഭരണകൂടം നിർദേശിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചേക്കും.