കോതമംഗലം: ഭൂതത്താന്കെട്ടില് തകര്‍ന്ന റോഡ് താൽക്കാലികമായി പുനസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കാന്‍ ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു. കീരന്പാറ-ഭൂതത്താൻകെട്ട് റോഡാണ് കനത്ത മഴയിൽ തകർന്നത്. റോഡ് ഇടിഞ്ഞ ഭാഗത്ത് നിന്നു മണ്ണും കല്ലും കലുങ്കിന്റെ സ്ലാബ് നീക്കം ചെയ്യുന്നതിനുള്ള പണികൾ നടന്നുകൊണ്ടിരിക്കുകയാണ്.
കലുങ്ക് നിലനിന്ന ഭാഗത്ത് വെള്ളം ഒഴുക്ക് തടസപ്പെടാതെ കൂറ്റൻ കോൺക്രിറ്റ് പൈപ്പുകൾ സ്ഥാപിച്ച് അതിന് മുകളിൽ മണ്ണും പാറമക്കും നിറച്ച് റോഡ് താൽക്കാലികമായി പുനസ്ഥാപിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി ആറ് കൂറ്റൻ കോൺക്രിറ്റ് പൈപ്പുകൾ ഇന്നലെ വൈകുന്നേരത്തോടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമോ നാളെയോ നിർമാണം പൂർത്തികരിച്ച് റോഡ് പുനസ്ഥാപിക്കുവാനാകുമെന്നാണ് അധികൃർ പറയുന്നത്.
നിലവിൽ ഭൂതത്താൻ കെട്ടിൽ നിന്ന് മറ്റൊരുറോഡുവഴി ചെറിയവാഹനങ്ങളെ കടത്തിവിടുന്നുണ്ട്.പെരിയാര്‍വാലി പാര്‍ക്കിന്റെ സൈഡിലൂടെയുള്ള റോഡിലൂടെ വേട്ടാമ്പാറ-മാലിപ്പാറ റോഡിലെത്തി ചേലാട് വഴിയാണ് ചെറുവാനങ്ങൾ കടത്തിവിടുന്നത്. ചേലാട് നിന്ന് കോതമംഗലത്തേക്കോ മറ്റിടങ്ങളിലേക്കോ പോകാം.
തകര്‍ന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര പുനരാരംഭിച്ചിട്ടില്ല.തകര്‍ന്ന റോഡിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നജോലികള് ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. കലുങ്ക് തകര്‍ന്നഭാഗത്ത് വലിയ കോൺക്രീറ്റ് പൈപ്പ് സ്ഥാപിച്ച് മണ്ണും കല്ലുമിട്ട് താല്‍ക്കാലിക സംവിധാനമൊരുക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.കലുങ്ക് പുനര്‍നിര്‍മ്മിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് സ്ഥലം സന്ദർശിച്ചആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു.
വടാട്ടുപാറക്കാരുടേയും വിനോദസഞ്ചാരികളുടേയും യാത്രദുരിതം എത്രയും വേഗം പരിഹരിക്കാനാണ് ശ്രമം. താല്ക്കാലികസംവിധാനം രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.അനുമതി ലഭിക്കുന്നമുറക്ക് സ്ഥിരം കലുങ്ക് നിര്‍മിക്കും. കലുങ്ക് തകര്‍ന്നഭാഗം കൂടാതെ മറ്റ് രണ്ട് യാത്രാമാര്ഗ്ഗങ്ങള്കൂടി വടാട്ടുപാറക്കാര്ക്കുമുന്നിലുണ്ട്.
ബംഗ്ലാകടവിലെ കടത്തുസര്‍വീസ് ഉപയോഗപ്പെടുത്തുകയാണ് ഇതിലൊരെണ്ണം.പുഴയില്‍ ഒഴുക്ക് ശക്തമായത് പ്രതിസന്ധിയാകും. തുണ്ടം-കാടപ്പാറ വഴിയുള്ള ഫോറസ്റ്റ്റോഡാണ് മറ്റൊന്ന്. ഈ റോഡ് വനംവകുപ്പ് തുറന്നുകൊടുത്താല്‍ ഇല്ലിത്തോട് വഴി കാലടി റോഡിലെത്തി കുറുപ്പംപടി, പെരുമ്പാവൂര്‍,അങ്കമാലി എന്നിവടങ്ങളിലെത്താം. റോഡ് താൽക്കാലികമായി പുനസ്ഥാപിക്കുന്ന തോടെ പ്രതിസന്ധികൾക്ക് തൽക്കാലം വിരാമമാകും.