കോതമംഗലം: ഭൂതത്താൻകെട്ടിൽ കലുങ്ക് തകർന്നതിനെ തുടർന്ന് മുപ്പത്അടിയോളംവീതിയിൽ റോഡ് കുറുകെ ഇടിഞ്ഞ് താണു. ബൈക്ക് യാത്രികരായ സഹോദരങ്ങൾ അപകടത്തിൽപ്പെട്ടു. വടാട്ടുപാറ, ഇടമലയാർ പ്രദേശങ്ങളും താളുംകണ്ടം, പോങ്ങൻചോട് ആദിവാസി കോളനികളും ഒറ്റപ്പെട്ടു.
ഇന്ന് പുലർച്ചെ 5.10 ഓടെയാണ് അപകടം. കോതമംഗലം – ഇടമലയാർ റോഡിൽ ഭൂതത്താൻകെട്ടിൽ ഹിന്ദുസ്ഥാൻ ന്യുസ്പ്രിന്റ്സിന്റെ പഴയ സോണൽ ഓഫീസിന് സമീപമാണ് ഈറ്റ കനാൽ കലുങ്കും ഇരുവശം റോഡും വട്ടം ഇടിഞ്ഞ് നിലംപൊത്തിയത്. കലുങ്കിന്റെ കോൺക്രിസ്റ്റ് സ്ലാബുകൾ നിലത്തടിഞ്ഞു. അപകടസമയത്ത് വാഹനങ്ങൾ വലിയ വാഹനങ്ങൾ കടന്നുപോകാതിരുന്നതും ഡാമിലെ ജലനിരപ്പ് കുറവായിരുന്നതിനാലും വൻദുരന്തം ഒഴിവായി.
ഭൂതത്താൻകെട്ട് പൂച്ചക്കുത്ത് സ്വദേശി പെരിയാർ വാലി ജീവനക്കാരനായ ആപ്പിളളിൽ ജയൻ (33) സഹോദരൻ വിജയൻ (37) എന്നിവർ ബൈക്കിൽ ഇതുവഴി കടന്ന് പോകുമ്പോഴാണ് അപകടം.വിജയന് കരക്ക് കയറുവാൻ സാധിച്ചെങ്കിലും മണ്ണിലും കൽകെട്ടിനും ഇടയിൽ ജയൻ കുടുങ്ങി. പിന്നീട് വിജയൻ സമീപവാസികളെയും അതുവഴിവന്ന വാഹന യാത്രക്കാരെയും വിവരം അറിയിച്ചാണ് ജയനെ രക്ഷപ്പെടുത്തിയത്.
ബൈക്ക് മണ്ണിനടിയിൽ അകപ്പെട്ടു. സഹോദരങ്ങളെ പരിക്കുകളോടെ കോതമംഗലത്ത് എം ബിഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വടാട്ടുപാറ, ഇടമലയാർ പ്രദേശവാസികളും താളുംകണ്ടം, പോങ്ങൻചോട് ആദിവാസി കോളനി നിവാസികളുമടക്കം ആയിരക്കണക്കിനാളുകളാണ് പുറംലോകവുമായി ബന്ധപ്പെടുവാൻ മാർഗ്ഗമില്ലാതെ കുടുങ്ങിയിരിക്കുന്നത്.
പലരും ആശുപത്രി ആവശ്യങ്ങൾക്കും ജോലി സ്ഥലത്തേക്കും വിദ്യാലയങ്ങളിലേക്കും പോകുവാനായി സ്വകാര്യ വാഹനങ്ങളിൽ സംഭവസ്ഥലത്തെത്തിയപ്പോഴാണ് റോഡ് തകർന്ന വിവരം അറിയുന്നത്. ഭൂതത്താൻകെട്ട് ഡാംബാരേജ്, ഇടമലയാർ വൈദ്യുത
പ്രോജക്ടുകളിലേക്കുമെല്ലാം എത്തിച്ചേരാനുളള ഏക മാർഗ്ഗമാണ് തകർന്നടിഞ്ഞ റോഡ് .
ഭൂതത്താൻകെട്ടിൽ നിർമ്മാണം നടക്കുന്ന മിനി വൈദ്യുതി പദ്ധതിക്കുള്ള യന്ത്രസാമഗ്രികളെല്ലാം ഇതു വഴിവഴിയാണ് പോകേണ്ടത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴമൂലം ജലനിരപ്പ് ഉയർന്നത് നിയന്ത്രിക്കുന്നതിനുവേണ്ടി രണ്ട് പ്രാവശ്യമായി ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളിൽ ഒമ്പത് എണ്ണം തുറന്ന് വിട്ടിരിക്കുകയാണ്.
അപകടത്തിൽ ഇടിഞ്ഞറോഡിന് ഇരു വശവും ഭൂതത്താൻകെട്ട് ജലാശയത്തിന്റെ ഭാഗമാണ്.പോലിസും പെരിയാർവാലി അധിക്യതരും രാവിലെതന്നെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. റോഡ് ഇടിഞ്ഞ് താണഭാഗത്ത് നിലവിൽ വെള്ളം ഇല്ലാത്തതിനാൽ താൽക്കാലികമായി കുറുകെ മണ്ണിട്ട് നികത്തി അക്കരെ ഇക്കരെ കടക്കുവാൻ കാൽനട യാത്രയ്ക്ക് സൗകര്യം ഒരുക്കുവാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഇരുവശവും ജലാശയത്താൽ വെള്ളം ഉയർന്നാൽ ഉണ്ടാകുന്ന അപകട സാധ്യതയും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇടിഞ്ഞ റോഡും കലുങ്കും പുനർനിർമ്മിക്കും വരെ വടാട്ടുപാറ, ഇടമലയാർ പ്രദേശവാസികൾക്കുംതാളുംകണ്ടം, പോങ്ങൻചോട് ആദിവാസി കോളനി നിവാസികളുമടക്കമുള്ളവർക്ക് തുണ്ടം – കാടപ്പാറ – ഇല്ലിത്തോട് വഴിയുള്ള കനാനപാത തുറന്നാൽ വാഹനഗതാഗതം ഉൾപ്പെടെ സാധ്യമാകും. നിലവിൽ വനം വകുപ്പ് റോഡ് പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്.
സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി മലയാറ്റൂർ തീർത്ഥാകടർക്ക് മുൻപ് റോഡ് തുറന്ന് കൊടുത്തതുപോലെ ഇപ്പോൾ റോഡിൽ ഗതാഗതം അനുവദിച്ചാൽ ഒറ്റപ്പെട്ട പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് തൽക്കാലം പരിഹാരം കണ്ടെത്താം. ഇതുവഴി പോയാൽ കുറുപ്പംപടി, കാലടി, അങ്കമാലി എന്നിവിടങ്ങളിൽ ചെന്നെത്തി മറ്റ് സ്ഥലങ്ങളിലേക്ക് പോകുവാനും സൗകര്യമുണ്ട്.