കോതമംഗലം: ഉല്ലാസ നൗകകളിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ വിനോദ സഞ്ചാരികളെ മാടിവിളിച്ചു ഭൂതത്താൻകെട്ട്. ഡാമിന്റെ ഷട്ടറുകൾ അടച്ചതോടെ ജലസമൃദ്ധമായ പെരിയാറിന്റെ മനോഹാരിത സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിനു സഞ്ചാരികളാണ് സീസണിൽ ഭൂതത്താൻകെട്ടിൽ വിനോദയാത്രയ്ക്കായി എത്തുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള അഞ്ചു മാസമാണ് പ്രധാനമായും ഭൂതത്താൻകെട്ടിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ബോട്ട് സർവീസുകൾ നടക്കുന്നത്.
സംസ്ഥാനത്ത് തേക്കടി കഴിഞ്ഞാൽ പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള ബോട്ടുയാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണ് ഭൂതത്താൻകെട്ട്. മലനിരകൾക്കു ചുറ്റും അരഞ്ഞാണം ചാർത്തിയതുപോലെ ഒഴുകുന്ന പെരിയാറിന്റെ മനോഹാരിത യാത്രയിലെ കൗതുക കാഴ്ചയാണ്. വന്യമൃഗങ്ങളേയും ദേശാടന പക്ഷികളേയുമെല്ലാം ബോട്ട് സാവാരിക്കിടെ കാണാവുന്നതാണ്. ചൂടേറുന്ന മധ്യാഹ്നങ്ങളിലെ വീശുന്ന തണുത്ത കാറ്റ് ഭൂതത്താൻകെട്ടിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഭൂതത്താൻകെട്ട് വിനോദ സഞ്ചാരത്തിന് ഏറെ വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ നടത്തിയിട്ടുള്ളത്. ടൂറിസം മേഖലയ്ക്കു കരുത്തു പകരുന്ന തരത്തിൽ സീസണിന്റെ തുടക്കത്തിൽ തന്നെ ബോട്ട് സർവീസ് ആരംഭിച്ചത് കൂടുതൽ സഞ്ചാരികളെ ഇവിടേയ്ക്കു ആകർഷിക്കുമെന്നാണ് പ്രതീക്ഷ. ചെറുതും വലുതുമായ നിരവധി ഹൗസ് ബോട്ടുകളും സ്പീഡ് ബോട്ടുകളും പെരിയാറിൽ സർവീസ് തുടങ്ങി കഴിഞ്ഞു. ഇതോടെ ഭൂതത്താൻകെട്ട്-തട്ടേക്കാട് മേഖലയിലെ പുഴയോര കാഴ്ചകൾ അടുത്തറിയാനുള്ള അവസരമാണ് സഞ്ചാരികൾക്കു ലഭിക്കുന്നത്.
ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള വിശാലമായ തടാകത്തിൽ പെഡൽ ബോട്ടുകളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയാണ് ബോട്ട് യാത്രയ്ക്കുള്ള സമയം. കഴിഞ്ഞ സീസണുകളിൽ വളരെ കുറഞ്ഞ കാലയളവിൽ മാത്രം സംഘടിപ്പിച്ചിരുന്ന ബോട്ട് യാത്ര കൂടുതൽ പ്രൗഢഗംഭീരമാക്കിയതാണ് ഇത്തവണ ഭൂതത്താൻകെട്ട് സഞ്ചാരത്തിലെ മുഖ്യഘടകം. കഴിഞ്ഞ വർഷങ്ങളിൽ വൈകി ആരംഭിച്ച ബോട്ട് സർവീസുകൾ ഒട്ടേറെ സഞ്ചാരികളെ ഭൂതത്താൻകെട്ട് യാത്രയിൽനിന്നു പിൻതിരിപ്പിച്ചിരുന്നു.
സഞ്ചാരികൾക്കായി നാടൻ ഹോട്ടലുകൾ മുതൽ നക്ഷത്ര ഹോട്ടലുകളുടെ നിലവാരത്തിലുള്ള സംരംഭങ്ങളും ഒരുങ്ങിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെയും സ്വകാര്യ മേഖലയുടേയും ചെറുതും വലുതുമായ റിസോർട്ടുകളും ഹോട്ടലുകളും ഒരുങ്ങിയിരിക്കുന്നതു മേഖലയ്ക്കു പുത്തൻ ഉണർവ് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരലോകം. തട്ടേക്കാട് പക്ഷി സങ്കേതത്തിനു സമീപം ജലാശയത്തിൽ നിശബ്ദതയുടെ ഓളത്തിലൂടെ കാഴ്ചകൾ നുകർന്നുള്ള സഞ്ചാരത്തിനു പെഡൽ ബോട്ടുകളും തയാറായി കഴിഞ്ഞു.