ഇരിട്ടി: ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണനേട്ടങ്ങളുടെ തുടർച്ചയല്ലാതെ കഴിഞ്ഞ ഒന്നരവർഷം കൊണ്ട് ഇടതുപക്ഷ സർക്കാർ കേരളത്തിൽ യാതൊരു വികസനവും കൊണ്ടുവന്നില്ലെന്ന് കെ. മുരളീധരൻ എംഎൽഎ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ഇരിട്ടി ഫാൽക്കൻ പ്ലാസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടിയുടെ വിഷയത്തിലും ജോയിസ് ജോർജ് എംപിയുടെ വിഷയത്തിലും തെറ്റ് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാതെ കള്ളന്മാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായിയുടേത്. പിണറായി ഇപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലയിലാണ് പെരുമാറുന്നത്. തനിക്കൊപ്പം നിൽക്കാതെ ഉദ്യോഗസ്ഥരെ രണ്ടാംകിട പൗരന്മാരായാണ് കാണുന്നത്.
ഇതിനുദാഹരണമാണ് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ വകുപ്പ്മന്ത്രി തത് സ്ഥാനത്ത് നിന്നു മാറ്റണമെന്ന് പറഞ്ഞിട്ടും പിണറായി അംഗീകരിക്കാത്തത്. കേന്ദ്രത്തിലും സംസ്ഥാനത്തും ജനവിരുദ്ധ നയങ്ങളാണ് സർക്കാരുകൾ അടിച്ചേൽപ്പിക്കുന്നത്.
നോട്ട് നിരോധനവും ജിഎസ്ടിയും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വർഗീയത വിതച്ച് ഭരണത്തുടർച്ചയുണ്ടാക്കാമെന്ന വ്യാമോഹമാണ് നരേന്ദ്രമോദി സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, സതീശൻ പാച്ചേനി, എം.ജി. ജോസഫ്, തോമസ് വർഗീസ്, പി.സി. വർഗീസ് എന്നിവർ പ്രസംഗിച്ചു.