തിമ്പു: എന്താണ് തൊഴില്‍ എന്നു ചോദിച്ചാല്‍ രാഷ്ട്രീയം എന്നു പറയുന്ന പൊതുപ്രവര്ത്തകന്മാര് ഏറെയുള്ള നാടാണ് ഇന്ത്യ. രാഷ്ട്രീയം ഒരു തൊഴിലായി കൊണ്ടു നടക്കുന്ന ഇത്തരക്കാരെ തട്ടിമുട്ടിയിട്ട് നടക്കാന്‍ പാടില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാല്‍ ഇതില്‍ നി്ന്നും തികച്ചും വ്യത്യസ്ഥനാവുകയാണ് നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാനിലെ പ്രധാനമന്ത്രി ലോതെ ഷെറിങ. വിദേശ രാജ്യങ്ങളില്‍ അടക്കം ജോലി ചെയ്തിട്ടുള്ള പ്രഗത്ഭനായ ഡോക്ടറാണ് ഇദ്ദേഹം. പ്രധാനമന്ത്രി ആണെങ്കിലും ചെയ്ത ജോലി മറക്കാന്‍ ഷെറിങ് തയ്യാറല്ല.
ഷെറിങ് എല്ലാ വാരാന്ത്യത്തിലും ആശുപത്രിയില്‍ പോകും, ഡോക്ടറായി. ശനിയാഴ്ചകളില്‍ അദ്ദേഹം നാഷനല്‍ റഫറല്‍ ആശുപത്രിയില്‍ സര്‍ജനാണ്. അവിടെ സര്‍ജറികളും മറ്റുമായി തന്റെ സേവനം നല്‍കും. ‘എനിക്കിതൊരു സ്ട്രെസ്-റിലീഫാണ്.’ പ്രധാനമന്ത്രിയായിട്ടും ഡോക്ടര്‍ കുപ്പായമണിഞ്ഞ് ശനിയാഴ്ച്ചകളില്‍ ആശുപത്രിയിലെത്തുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ ഷെറിങിന്റെ മറുപടി ഇതാണ്. ‘ചിലര്‍ ഗോള്‍ഫ് കളിക്കും, ചിലര്‍ അമ്പെയ്ത്ത് പരിശീലിക്കും. എനിക്കാണെങ്കില്‍ രോഗികളെ ശുശ്രൂഷിക്കാനാണ് ഇഷ്ടം. അതുകൊണ്ട് വാരാന്ത്യങ്ങള്‍ ഞാനിവിടെ ചെലവഴിക്കുന്നു.’ ഷെറിങ് തുടരുന്നു. ആശുപത്രിയില്‍ എത്തുന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനൊണ്.
പൗരന്മാരുടെ ആനന്ദം വളര്‍ച്ചയുടെ അളവുകോലായി പരിഗണിച്ചതിലൂടെ ലോകശ്രദ്ധ നേടിയ ഭൂട്ടാനില്‍ 2008ല്‍ രാജഭരണം അവസാനിച്ചതിലൂടെയാണ് ജനാധിപത്യരീതിയില്‍ ആദ്യ തിരഞ്ഞെടുപ്പു നടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പിലാണ് ഷെറിങ് (50) പ്രധാനമന്ത്രിയായത്. അതിനു ശേഷമാണു ഭൂട്ടാനിലെ വിദൂര ഗ്രാമങ്ങളില്‍ സൗജന്യ ചികില്‍സ നല്‍കാനായി രാജാവിന്റെ വൈദ്യസഹായ സംഘത്തിന്റെ തലവനായി ഷെറിങ് പോയത്. രാഷ്ട്രീയത്തിലിറങ്ങും മുന്‍പും ബംഗ്ലാദേശ്, ഓസ്ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങളില്‍ ഡോക്ടറായിരുന്നു അദ്ദേഹം.
ഇപ്പോള്‍ ശനിയാഴ്ചകളില്‍ ആശുപത്രിയില്‍ പോകുന്നതിനു പുറമേ വ്യാഴാഴ്ച രാവിലെ അദ്ദേഹം ഡോക്ടര്‍മാര്‍ക്ക് ക്ലാസെടുക്കും. ഓഫിസില്‍ തിരിച്ചെത്തിയാല്‍ ഷെറിങ് ഡോക്ടറുടെ വെള്ളക്കോട്ട് പ്രധാനമന്ത്രിയുടെ കസേരയ്ക്കു പിന്നില്‍ തൂക്കും. പൊതുജനാരോഗ്യത്തിന് ഊന്നല്‍ നല്‍കുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണിതെന്ന് അദ്ദേഹം പറയുന്നു. ഞായറാഴ്ച്ചകളാവട്ടെ അദ്ദേഹത്തിന് സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം സമയം ചെലവഴിക്കുന്നത്. ആരോഗ്യരംഗത്തിന്റെ പുരോഗതി വാഗ്ദാനം ചെയ്താണ് താന്‍ അധികാരത്തിലേറിയതെന്നും അതുകൊണ്ട് തന്നെ തന്റെ മരണം വരെ ഡോക്ടറെന്ന നിലയിലുള്ള സേവനം തുടരുമെന്നും അമ്പതുകാരനായ ഷെറിങ് പറയുന്നു.
2013ലാണ് ലോട്ടെ ഷെറിങ് രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. അത്തവണത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. തുടര്‍ന്ന് ഗ്രാമീണമേഖലകളില്‍ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി. ശിശുമരണനിരക്ക് കുറയ്ക്കുന്നതിലും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിലും പകര്‍ച്ചവ്യാധികളെ തടയുന്നതിലുമൊക്കെ വളരെയധികം പുരോഗതിയാണ് ഷെറിങിന്റെ ഭരണകാലത്ത് ഉണ്ടായിട്ടുള്ളത്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമാണ് ഇപ്പോള്‍ ഭൂട്ടാന് പ്രാധാന്യം നല്‍കുന്നത്.
സാമ്പത്തിക വളര്‍ച്ചയെക്കാള്‍ ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും മുന്‍ഗണന നല്കുന്ന രാജ്യമാണിത്. രാജ്യത്തിന്റെ പുരോഗതി അവിടുത്തെ പൗരന്മാരുടെ സന്തോഷത്തിലാണെന്നാണ് വിശ്വസിച്ച് ഗ്രോസ് നാഷണല്‍ ഹാപ്പിനെസ് എന്ന ആശയം ആദ്യമായി നടപ്പാക്കിയ രാജ്യം കൂടിയാണിത്. അന്തരീക്ഷ മലിനീകരണം തീരെ കുറവായ ഇവിടെ 60 ശതമാനവും വനമേഖലയായി നിലനിര്‍ത്തിക്കൊള്ളാമെന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള രാജ്യം കൂടിയാണ് ഭൂട്ടാന്. എന്തായാലും ഇങ്ങനെയൊരു പ്രധാനമന്ത്രിയെ കിട്ടിയ ഭൂട്ടാന്കാര് ഭാഗ്യവാന്മാരാണെന്നു പറയാതെ തരമില്ല.