തന്റേതായ ആശയങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇടയ്ക്കിടെ ബ്ലോഗില്‍ തന്റെ ആരാധകര്‍ക്ക് മുമ്പിലെത്തുന്നത് നടന് മോഹന്‍ലാലിന്റെ പതിവാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം പുതിയ ബ്ലോഗുമായി ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഭൂട്ടാന് യാത്രയ്ക്ക് ശേഷം താന്‍ പുതിയൊരു മനുഷ്യനായി മാറിയിരിക്കുകയാണെന്നാണ് താരം ഇത്തവണ വ്യക്തമാക്കിയിരിക്കുന്നത്. തന്റെയും മറ്റുള്ളവരുടെയുമൊക്കെ സന്തോഷത്തിന് പിന്നിലുള്ള രഹസ്യത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് താന്‍ ഇത്തവണ ഭൂട്ടാനിലേക്ക് പോയത്.
നീണ്ട അന്വേഷണത്തിനൊടുവില്‍ ആ സത്യത്തെക്കുറിച്ച് താന്‍ തിരിച്ചറിഞ്ഞു. നമ്മുടെ അകത്തുള്ള സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും എപ്പോഴും നന്മയുടെയും സ്നേഹത്തിന്റെയും ശക്തി കൊണ്ട് ജ്വലിപ്പിച്ചു നിര്‍ത്തിയാല്‍ ജീവിതം ആനന്ദകരമായി മാറുമെന്നാണ് താരം കുറിച്ചിരിക്കുന്നത്. ശുചിത്വമാണ് മനുഷ്യ മനസ്സിന്റെ നന്മയുടെ ഉറവിടം എന്ന് താന്‍ ഭൂട്ടാന് യാത്രയ്ക്കിടയിലാണ് തിരിച്ചറിഞ്ഞത്. ആ യാത്ര തനിക്ക് സമ്മാനിച്ച എനര്‍ജി ചെറുതല്ലെന്നും താരം എഴുതിയിട്ടുണ്ട്.
ഓരോ യാത്രയും നവീകരണമാണ്. പോയ ആളല്ല തിരിച്ചു വരുന്നത്. പുതിയ നന്മയോ വീക്ഷണമോ എന്തെങ്കിലും ഒരു കാര്യം യാത്രയ്ക്ക് ശേഷം അയാളില്‍ ഉണ്ടാവുമെന്നും മോഹന്‍ലാല്‍ പറയുന്നു. ഭൂട്ടാനില്‍ എല്ലായിടങ്ങളും വൃത്തിയുള്ളതാണ്. വൃത്തിയാക്കി വയ്ക്കാന്‍ എല്ലാവര്ക്കും അറിയാം എന്നതാണ് സത്യം. എവിടെയും ബഹളമില്ല. ആര്‍ക്കും ധൃതിയില്ല. രാത്രികള്‍ അതീവ ശാന്തമാണ്. ശാന്തരായ മനുഷ്യര്‍. ഭൂട്ടാന് ഈ അവസ്ഥ സ്വര്‍ഗത്തില്‍ നിന്ന് ആരെങ്കിലും പ്രത്യേക പാക്കേജായി കൊണ്ടുവന്ന് നല്കിയതല്ല. അവര്‍ സ്വയം ജീവിച്ചുണ്ടാക്കിയതാണെന്നും മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്.