കൊല്ലങ്കോട്: മുതലമട മൊണ്ടിപ്പതിയിൽ ആദിവാസി വിദ്യാർത്ഥിനി കൊക്കർണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലിസ് അന്വേഷണം ഇഴയന്നതായി നാട്ടുകാരുടെ പരാതി.
മുണ്ടിപതി പഴനിച്ചാമിയുടെ മകൾ ഭുവന (16) ആണ് ഇക്കഴിഞ്ഞ ശനിയാഴ്ച്ച കാലത്ത് താമസസ്ഥലത്തിന്നു ഇരുനൂറു മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ കൊക്കർണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഒരു അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദ്ദേഹം കിണറ്റിൽ ജീർണ്ണിച്ച നിലയിൽ പൊങ്ങികിടന്നത്.
കൽപ്പടവുകളില്ലാത്ത കൊക്കർണ്ണയിൽ കഴിയുകയില്ല. ആത്മഹത്യക്ക് ശ്രമിക്കുന്നവർ വസ്ത്രങ്ങൾ അഴിച്ചു വെക്കാറുമില്ല.സാഹചര്യ തെളിവുകളെല്ലാം മരണത്തിൽ ദുരുഹത വർധിപ്പിക്കുന്നുമുണ്ട്. മരണപ്പെട്ട ഭുവനയുടെ അമ്മ കഴിഞ്ഞ ബുധനാഴ്ച മുതൽ മകളെ കാണാനില്ലെന്നു പോലിസിൽ പരാതി നൽകിയിരുന്നു.
എന്നാൽ ദിവസങ്ങൾ ശേഷം കിണറ്റിൽ മൃതദേഹം പൊന്തിയതിന് ശേഷമാണ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. ഞായറാഴ്ച പോസ്റ്റുമോർട്ടം തൃശ്ശൂരിൽ നടന്നിട്ടുണ്ടെങ്കിലും പ്രാഥമിക റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുമില്ല.
അന്തിമ റിപ്പോർട്ട് ലഭിച്ചാലേ മേൽനടപടികൾ ഉണ്ടാവു എന്നതാണ് പോലിസ് നിലപാട്.എന്നാൽ സംഭവസ്ഥലത്തെ മൂന്നു യുവാക്കളെ കേന്ദ്രീകരിച്ച് ചോദ്യം ചെയ്തു വരുന്നതായും സൂചനയുണ്ട്.