സ്വന്തം ലേഖകന്‍
കോഴിക്കോട്: വട്ടിയൂർക്കാവിലും കുമ്മനത്തെ തഴഞ്ഞതിലും മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ഠാറിനെ സ്ഥാനാർഥിയാക്കിയതിലും ബിജെപിയിൽ പ്രതിഷേധഭൂകന്പം. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം സാധാരണഗതിയിൽ ബിജെപിയിൽ കാണാത്തതരത്തിലുള്ള പ്രതിഷേധവും പൊട്ടിത്തെറിയുമാണ് പാർട്ടിലുണ്ടായിരിക്കുന്നത്. ആദ്യം അനൗദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം തന്നെ ഒഴിവാക്കിയതിൽ കുമ്മനം രാജശേഖരൻ പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചതും മഞ്ചേശ്വരത്ത് സ്ഥാനാർഥി നിർണയവിവാദത്തിൽ സംസ്ഥാന സംഘടന സെക്രട്ടറി എം.ഗണേഷനെ ബന്ദിയാക്കിയതും ബിജെപി കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അപ്രതീക്ഷിതമായുണ്ടായ ഈ കലാപം തണുപ്പിക്കാൻ കിണഞ്ഞുപരിശ്രമിക്കുകയാണ് നേതാക്കൾ. ബിജെപിയിലെ ചേരിപ്പോരാണ് കുമ്മനത്തിന്റെ സ്ഥാനാർഥിത്വം തെറിപ്പിച്ചതെന്നാണ് ആരോപണം. കുമ്മനമാണ് സ്ഥാനാർഥിയെന്നു പ്രഖ്യാപിച്ചു വീടുകയറി പ്രചാരണം ആരംഭിച്ചതിനു ശേഷമാണ് എസ്.സുരേഷിനെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.
ഒ.രാജഗോപാൽ എംഎൽഎ ഇന്നലെ കുമ്മനമായിരിക്കും സ്ഥാനാർഥിയെന്നു സൂചന നൽകുകയും ചെയ്തിരുന്നു.
പ്രവർത്തകർ കുമ്മനത്തിനായി വീടുകയറിത്തുടങ്ങിയപ്പോഴാണ് പ്രചാരണം നിർത്താനും കുമ്മനമല്ല സ്ഥാനാർഥിയെന്നുമുള്ള നേതൃത്വത്തിന്റെ നിർദേശം എത്തിയത്. ഇതിൽ അണികൾ കടുത്ത അതൃപ്തിയിലാണ്. മഞ്ചേശ്വരത്ത് സ്ഥാനാർഥി പട്ടികയിൽ മുന്നിലുണ്ടായിരുന്ന ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിനു പകരം പാർട്ടി സംസ്ഥാന സമിതിയംഗമായ രവീശതന്ത്രി കുണ്ടാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതാണ് പൊട്ടിത്തെറിക്കു വഴിവച്ചത്.
ഇതു പ്രാദേശിക പ്രതിഷേധം മാത്രമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമാണ് രവീശതന്ത്രി പ്രതികരിച്ചത്. ബിഡിജെഎസ് ഇടഞ്ഞുനിന്നു മത്സരിക്കാൻ പോലും തയാറാകാതിരുന്നതിനിടയിൽ പാർട്ടിൽത്തന്നെ പൊട്ടിത്തെറിയുണ്ടായത് എൻഡിഎ നേതൃത്വത്തെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്.പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കമാണ് നടക്കുന്നത്. കുമ്മനത്തിന് ഉപതെരഞ്ഞെടുപ്പിനുശേഷം ഉചിതമായ പദവി നല്കാന് കേന്ദ്രനേതൃത്വം ആലോചിക്കുന്നതായി ബിജെപി വൃത്തങ്ങള്‍ പറയുന്നു.
കേരളത്തിന്റെ സംഘടനാചുമതലുള്ള ബി.എൽ. സന്തോഷ് ഇതുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ കുമ്മനത്തെ അറിയിച്ചെന്നാണ് സൂചന. സ്ഥാനാര്‍ഥിപട്ടികയില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടെന്നറിയില്ല എന്ന രീതിയില്‍ അനിഷ്ടത്തോടെ പ്രതികരിച്ച കുമ്മനത്തെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തികഴിഞ്ഞു. മാത്രമല്ല ഒരു തെരഞ്ഞെടുപ്പ് തോല്‍വികൂടി കുമ്മനത്തിന് നേരിട്ടാല്‍ അത് കേരളത്തിലെ സമുന്നതനായ നേതാവിന്റെ രാഷ്ട്രീയ ഭാവിക്ക് തീരാകളങ്കമാകുമെന്നാണു കേന്ദ്രനേതൃതം കരുതുന്നതത്രേ.
മിസോറാമില്‍ ഗവര്‍ണറായിരിക്കേ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം താത്പര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് കീഴവഴക്കം ഇല്ലാതിരുന്നിട്ടും കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിപ്പിച്ചത്. വട്ടിയൂര്‍ക്കാവില്‍ മൂന്നുപേരുടെ സ്ഥാനാര്‍ഥിപ്പട്ടികയാണ് ബിജെപി സംസ്ഥാനസമിതി ദേശീയനേതൃത്വത്തിന് സമര്‍പ്പിച്ചത്. ആര്‍എസ്എസ് നോമിനിയായ കുമ്മനമായിരുന്നു ആദ്യ പേരുകാരന് . എസ്.സുരേഷും വി.വി. രാജേഷുമായിരുന്നു പട്ടികയിലെ മറ്റുള്ളവര്‍.
ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന സീറ്റായതിനാലാണ് ഏറ്റവും സാധ്യതയുള്ള കുമ്മനത്തിന്റെ പേര് ആര്‍എസ്എസ് നിര്‍ദേശിച്ചത്. മണ്ഡലവുമായി ബന്ധമുള്ള വി.2016ല്‍ കെ.സുരേന്ദ്രന് 89 വോട്ടിനു പരാജയപ്പെട്ട മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതേ നിലയിലുള്ള പ്രകടനം നടത്താന്‍ രവീശ തന്ത്രി കുണ്ടാറിനു കഴിഞ്ഞിരുന്നില്ല.
രാജ്മോഹന്‍ ഉണ്ണിത്താന് 11,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്തപ്പോള്‍ ബിജെപിക്ക് 2016നെ അപേക്ഷിച്ച് അധികമായി കിട്ടിയത് ആയിരം വോട്ട് മാത്രമാണ്. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് രവീശ തന്ത്രിക്കെതിരേ ഒരു വിഭാഗം രംഗത്തെത്തിയത്. കുന്പള, മീഞ്ച, മംഗൽപ്പാടി, പുത്തിഗെ പഞ്ചായത്തുകളിൽനിന്നുള്ളവരാണ് പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങിയത്.