കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പിനെത്തിച്ച വോട്ടിംഗ് യന്ത്രങ്ങളിൽ ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോൾ നടത്തി. കളക്ടറേറ്റിൽ സജ്ജീകരിച്ച വോട്ടിംഗ് മെഷീനുകളിൽ ജില്ലാ കളക്ടർ എസ്. സുഹാസും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മോക്ക് പോൾ രേഖപ്പെടുത്തി. മാതൃകാ പെരുമാറ്റച്ചട്ടം അടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനു രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗവും ഇന്നലെ കളക്ടറേറ്റിൽ ചേർന്നു.
സമാധാനപൂർണമായ തെരഞ്ഞെടുപ്പ് നടപടികൾക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. കമ്മീഷന്റെ നിർദേശപ്രകാരം കളക്ടറേറ്റിൽ മാധ്യമ നിരീക്ഷണ കേന്ദ്രം തുറന്നു. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാർത്തകൾ എന്നിവ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തുക, പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നൽകുക എന്നിവയാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ ലക്ഷ്യം.
കോലം കത്തിക്കരുത്
കൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ജാഥയിൽ മറ്റു പാർട്ടികളിലെ നേതാക്കളെയോ അംഗങ്ങളെയോ പ്രതിനിധീകരിക്കുന്ന കോലങ്ങൾ കൊണ്ടുപോകാനും അവ കത്തിക്കുന്നതു പോലുള്ള പ്രകടനങ്ങൾ നടത്താനും പാടില്ലെന്നു തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
യോഗങ്ങൾ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും വിവരം മുൻകൂട്ടി പോലീസിനെ അറിയിക്കണം. സ്ഥലം, സമയം, പങ്കെടുക്കുന്നവരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് പോലീസിന് നൽകേണ്ടത്. യോഗം നടത്തുന്നതിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ ആപ്ലിക്കേഷനിലൂടെയും അപേക്ഷ നൽകാം. ജാഥകളുടെ റൂട്ടിൽ പിന്നീട് മാറ്റം വരുത്തരുത്. ഗതാഗതസ്തംഭനം ഒഴിവാക്കുന്ന രീതിയിൽ ക്രമീകരിക്കുകയും വേണം.
ചിഹ്നം നാലിന്
കൊച്ചി: എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ഒക്ടോബർ നാലിന് ചിഹ്നം അനുവദിക്കും. ദേശീയ അംഗീകാരമുള്ള രാഷ്ട്രീയപാർട്ടി സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ അവർ ആവശ്യപ്പെട്ട ചിഹ്നം നൽകും. സ്വതന്ത്ര സ്ഥാനാർഥികളിൽ ഒന്നിലധികം പേർ ഒരേ ചിഹ്നം ആവശ്യപ്പെട്ടാൽ നറുക്കെടുപ്പ് നടത്തി ചിഹ്നം അനുവദിക്കും.
നിരീക്ഷണം ശക്തമാക്കി
കൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പാലനം ഉറപ്പാക്കുന്നതിനായി സ്ക്വാഡുകൾ നിരീക്ഷണം ശക്തമാക്കി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലുള്ള ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകൾ വിവിധ സ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികളും വ്യക്തികളും സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും ബാനറുകളും മറ്റു പ്രചാരണ സാമഗ്രികളും നീക്കം ചെയ്തു. കാക്കനാട് സിവിൽ സ്റ്റേഷൻ പരിസരത്തെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യുന്നതിന് എഡിഎം നേരിട്ടെത്തി നേതൃത്വം നൽകി.