ബിജു കുര്യൻ
പത്തനംതിട്ട: 1965 മുതൽ കോന്നി കേന്ദ്രീകരിച്ച് ഒരു നിയോജകമണ്ഡലമുണ്ട്. അന്ന് മുതൽ കോന്നിയിൽ നിന്നൊരു എംഎൽഎ കേരള നിയമസഭയിലുണ്ട്. പക്ഷേ മണ്ഡലചരിത്രത്തിൽ ഒരു ഉപതെരഞ്ഞെടുപ്പ് ഇതാദ്യം. പഴയ കോന്നിയല്ല ഇന്ന്. കേരളത്തിൽ വിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന മണ്ഡലം. വോട്ടർമാരുടെ എണ്ണവും കുറവല്ല. രണ്ടുലക്ഷത്തോളം വോട്ടർമാർ മണ്ഡലത്തിലുണ്ട്.
തമിഴ്നാട് അതിർത്തി പിന്നിടുന്ന പ്രദേശങ്ങളിൽ നിന്നാണ് കോന്നി മണ്ഡലം ആരംഭിക്കുന്നത്. ജനവാസ മേഖലയേക്കാൾ കൂടുതൽ കാടും മേടുമാണ്.കോന്നി, റാന്നി വനംഡിവിഷനുകൾ മണ്ഡലത്തിലുണ്ട്. കടുവ, ആന സംരക്ഷണമേഖലകളായ കാടുകളാണ് കോന്നിയുടെ ഐശ്വര്യം. പ്രകൃതിയുമായി ചേർന്നുനിന്നുകൊണ്ടു മാത്രമേ കോന്നിയുടെ ചരിത്രം രചിക്കാനാകൂ.
മലനിരകളും പുഴയും തോടും കാട്ടാനയും നാട്ടാനയും കാട്ടുമൃഗങ്ങളും കേരളത്തിലെ പ്രമുഖമായ ജലവൈദ്യുതി പദ്ധതികളും എല്ലാം ഈ നാടിന്റെ ഭാഗമാകുന്പോൾ വോട്ടർമാർക്ക് പറയാനുള്ളത് വികസനം എന്തെന്നറിയാത്ത കാലഘട്ടത്തിൽ നിന്ന് ഇന്നിന്റെ കോന്നിയിലേക്കുള്ള മാറ്റത്തിന്റെ ചരിത്രമാണ്.
ശ്രീലങ്കൻ അഭയാർഥികളെ പാർപ്പിച്ചിട്ടുള്ള ഗവി മുതൽ അച്ചൻകോവിൽ മലനിരകളോടു ചേർന്ന ആവണിപ്പാറയും മണ്ഡലത്തിലുൾപ്പെടുന്നു. 2011ലാണ് മണ്ഡലം അവസാനമായി പുനഃക്രമീകരിച്ചത്. ഇതോടെയാണ് സമൂലമായ മാറ്റമുണ്ടായത്. പഴയ റാന്നി നിയോജകമണ്ഡലത്തിന്റെയും പത്തനംതിട്ടയുടെയും അടൂരിന്റെയും ഒക്കെ ഭാഗങ്ങൾ കോന്നിയോടു ചേർത്തു.
ഇതിലൂടെയാണ് വിസ്തൃതി ഏറിയത്. നിലവിൽ 11 ഗ്രാമപഞ്ചായത്തുകൾ മണ്ഡലത്തിലുണ്ട്. ഇവയിലേറെയും പരസ്പരം ബന്ധമുള്ളതാണെന്നു പറയാനാകില്ല. രാഷ്ട്രീയ കാഴ്ചപ്പാടിലും പ്രകൃതിയിലും എല്ലാം മാറ്റങ്ങളുണ്ട്. കോന്നി, അരുവാപ്പുലം, വള്ളിക്കോട്, മൈലപ്ര, തണ്ണിത്തോട്്, പ്രമാടം, കലഞ്ഞൂർ, മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, ഏനാദിമംഗലം എന്നിവയാണ് കോന്നി മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകൾ.
ഇതിൽ മൈലപ്ര, വള്ളിക്കോട് എന്നിവ പഴയ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും ചിറ്റാർ, സീതത്തോട് എന്നിവ റാന്നിയിൽ നിന്നും ഏനാദിമംഗലം അടൂരിൽ നിന്നും 2011 മുതൽ കോന്നിയുടെ ഭാഗമായവയാണ്. സീതത്തോട് പഞ്ചായത്ത് വാർഡാണ് മൂഴിയാർ, ഗവി ഉൾപ്പെടുന്ന പ്രദേശം.