സ്വന്തം ലേഖകൻ
തിരുവനന്തപുരം : മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വോട്ടർമാരെ കാണുന്ന തിരക്കിലായിരുന്നു ഇന്നലെ വട്ടിയൂർക്കാവിലെ സ്ഥാനാർഥികൾ. സ്ഥാനാർഥി പര്യടനത്തിനു മുന്പു മണ്ഡലത്തിലെ പ്രധാന വ്യക്തിത്വങ്ങളെയും സാമുദായിക-മത നേതാക്കളെയും നേരിട്ടു കാണുന്നതിനാണു മൂന്നു സ്ഥാനാർഥികളും സമയം കണ്ടെത്തിയത്. ഇന്നും നാളെയുമായി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പരിപാടി തയാറാകും.
ഇതിന്റെ തിരക്കിലാണു തെരഞ്ഞെടുപ്പു മണ്ഡലം കമ്മിറ്റികളും നേതാക്കളും. വർഷങ്ങളായി എങ്ങുമെത്താതെ കിടക്കുന്ന വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം മൂന്നു മുന്നണികളും പ്രചരണായുധമാക്കിക്കഴിഞ്ഞു. വികസനത്തിൽ ഇടതുസർക്കാർ രാഷ്ട്രീയം കലർത്തിയെന്ന ആരോപണവുമായി എംഎൽഎയായിരുന്ന കെ.മുരളീധരനും ജനപ്രതിനിധിയെന്ന നിലയിൽ വികസനത്തിനു മുരളീധരൻ മുൻകൈയെടുത്തില്ലെന്ന് ഇടതുമുന്നണിയും മണ്ഡലത്തിലെ ജനങ്ങളെ രണ്ടു മുന്നണികളും വർഷങ്ങളായി പറ്റിക്കുകയായിരുന്നൂവെന്നു ബിജെപിയും വാദങ്ങൾ ഉയർത്തുന്നതോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വികസന ആശയസംവാദത്തിനു കൂടി വേദിയാകുകയാണ്.
യുഡിഎഫ് സ്ഥാനാർഥി ഡോ. കെ.മോഹൻകുമാർ മണ്ഡലത്തിൽ ഏറെ പരിചിതമായ രാഷ്ട്രീയ മുഖമാണ്. എംഎൽഎയായിരുന്നപ്പോൾ നടത്തിയ വികസനപ്രവർത്തനങ്ങൾ ഓർത്തെടുത്ത് അദ്ദേഹം തന്നെ പ്രചരണത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുകയാണ്. മണ്ഡലത്തിന്റെ പ്രധാന സ്ഥലങ്ങളിലെല്ലാം വോട്ടർമാരെ നേരിട്ടു കാണുന്ന തിരക്കിലായിരുന്നു സ്ഥാനാർഥി.
യുഡിഎഫ് നാലാഞ്ചിറ മണ്ഡലം കണ്വൻഷനായിരുന്നു ഇന്നലത്തെ പ്രധാന പരിപാടി. വി.എസ്.ശിവകുമാർ എംഎൽഎ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം മുട്ടട, കുടപ്പനക്കുന്ന് ഭാഗങ്ങളിലെത്തിയ സ്ഥാനാർഥിയ്ക്കു ഉൗഷ്മളമായ സ്വീകരണമാണു പാർട്ടി പ്രവർത്തകർ നൽകിയത്. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെത്തി വോട്ടർമാരെ കാണുന്ന തിരക്കിലായിരുന്നു ഇടതുമുന്നണി സ്ഥാനാർഥി വി.കെ.പ്രശാന്ത്.
സ്ഥാനാർഥിയെത്തുന്ന സ്ഥലങ്ങളിലെല്ലാം യുവജനങ്ങളുടെ സാന്നിധ്യവും സ്വീകരണവും ഉറപ്പാക്കാൻ സിപിഎം നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നാളെ സ്ഥാനാർഥി പര്യടനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമുണ്ടാകും. പ്രശാന്തിന്റെ വോട്ടർമാരോടുള്ള അഭ്യർത്ഥന വിടുകളിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടക്കുകയാണ്.
എൻഡിഎ സ്ഥാനാർഥി എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പു കണ്വൻഷൻ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി സുരേഷ് തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചശേഷം തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സജീവമായി. ജില്ലയിലെ ആർഎസ്എസ് നേതാക്കളെ കാണുന്ന തിരിക്കിലായിരുന്നു സുരേഷ് ഇന്നലെ.
സുരേഷ് ഗോപി എംപിയെ അദ്ദേഹം വീട്ടിലെത്തി കണ്ടു. മണ്ഡലത്തിലെ സാമുദായിക നേതാക്കളെ കാണാനും സമയം കണ്ടെത്തി. സ്ഥാനാർഥി നിർണയം വൈകിയതിലെ നീരസം ബിജെപി പ്രവർത്തകർക്കുണ്ട്. അതുമാറ്റിയെടുക്കാനുള്ള ശ്രമം നേതാക്കൾ നടത്തിവരികയാണ്. ആർഎസ്എസിന്റെ പൂർണ പിന്തുണ ഉറപ്പുവരുത്തി തെരഞ്ഞെടുപ്പു രംഗം സജീവമാക്കാനുള്ള നീക്കവും ബിജെപി നേതൃത്വം നടത്തിവരികയാണ്.
പ്രചാരണവുമായി പ്രധാന കേന്ദ്രങ്ങളിൽസൂക്ഷ്മപരിശോധന പൂർത്തിയായി; വട്ടിയൂർക്കാവിൽ എട്ടു സ്ഥാനാർഥികൾ
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് സമപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. സിപിഎം ഡമ്മി സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച കെ.സി. വിക്രമൻ, സ്വതന്ത്ര സ്ഥാനാർഥി വിഷ്ണു എസ്. അമ്പാടി എന്നിവരുടെ പത്രികകൾ തള്ളി. ഇതോടെ എട്ടുപേരാണ് മത്സരരംഗത്തുള്ളത്. നാളെ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിയുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയാകും. 21ന് തെരഞ്ഞെടുപ്പും 24ന് വോട്ടെണ്ണലും നടക്കും.
സ്ഥാനാർഥികൾ
വി.കെ. പ്രശാന്ത് (സിപിഎം)
കെ. മോഹൻകുമാർ
(കോൺഗ്രസ്)
എസ്. സുരേഷ് (ബിജെപി)
എസ്.എസ് .സുരേഷ്
(സ്വതന്ത്രൻ)
എ. മുരുകൻ (സ്വതന്ത്രൻ)
എ. മോഹനകുമാർ
(സ്വതന്ത്രൻ)
ജി.മിത്രകുമാർ (സ്വതന്ത്രൻ)
നാഗരാജ് (സ്വതന്ത്രൻ)