ബാങ്ക് അധികൃതര്‍ ലോണ്‍ നിഷേധിച്ചപ്പോള്‍ ആ പെണ്‍കുട്ടി മറ്റൊന്നും ചിന്തിച്ചില്ല. നേരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ആയിരക്കണക്കിന് കത്തുകള്‍ ലഭിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിക്കുമെന്ന് പോലും ബിബി സാറയെന്ന ആ പെണ്‍കുട്ടി കരുതിയില്ല. എന്നാല്‍ പത്തുദിവസത്തിനുള്ളില്‍ മോദിയുടെ മറുപടിയും തുടര്‍വിദ്യാഭ്യാസത്തിനുള്ള സഹായവും ലഭിച്ചു.
കര്‍ണാടകയിലെ മാണ്ഡ്യയാണ് സാറയുടെ സ്വദേശം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലാണ് സാറ വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചത്. ഒന്നര ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് അപേക്ഷ നിരസിച്ചു. ആവശ്യവുമായ രേഖകള്‍ നല്‍കിയെങ്കിലും ഇത്തവണ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. ഇതോടെ സാറ നിരാശയിലായി. അതിനിടെയാണ് വെറുതെ ഒരു പരീക്ഷണമെന്ന നിലയില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. 10 ദിവസം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവള്‍ക്ക് മറുപടി ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ബേഠീ ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍പ്പെടുത്തി ലോണ്‍ ലഭ്യമാക്കാനുള്ള നടപടികളും പ്രധാനമന്ത്രിയുടെ ഓഫീസ് പൂര്ത്തിയാക്കിയിരുന്നുവെന്നായിരുന്നു മറുപടി.
ഇവിടെയും നിന്നില്ല പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. സാറയ്ക്ക് ലോണ്‍ നിഷേധിക്കപ്പെടാനുള്ള സാഹചര്യം വ്യക്തമാക്കണമെന്നു കര്‍ണാടക ചീഫ് സെക്രട്ടറിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി നല്കി 10 ദിവസത്തിനുള്ളില്‍ പരിഹാരം ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സാറ പറയുന്നു. തിരിച്ചടവു മുടങ്ങിയ ലോണുകള്‍ തിരിച്ചുപിടിക്കുന്ന സമയമായതിനാലാണ് ലോണ്‍ അനുവദിക്കാന്‍ സാധിക്കാതിരുന്നതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. എന്തായാലും പ്രധാനമന്ത്രിയുടെ ഇടപെടലില്‍ പഠനം തുടരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സാറ. മോദിയെ എന്നെങ്കിലും നേരിട്ടു കണ്ട് നന്ദി പറയണമെന്ന ആഗ്രഹവും ഈ പെണ്‍കുട്ടിക്കുണ്ട്.