ടൊറന്റോ: ബിബി എന്ന ഓമനപ്പേരുകാരിയായ ബിയാങ്ക വനേസ ആൻഡ്രീസ്കു, ടെന്നീസ് ലോകത്തെ പുത്തൻ താരോദയമായിരിക്കുകയാണ് ഈ പതിനെട്ടുകാരിയായ കനേഡിയൻ സുന്ദരി. ഇന്ത്യൻ വെൽസ് വനിതാ സിംഗിൾസ് കിരീടം ചൂടിയതോടെ ലോക റാങ്കിംഗിലും ബിബി വൻ കുതിപ്പ് നടത്തി.
വൈൽഡ് കാർഡ് എൻട്രിയായാണ് ബിയാങ്ക ഇന്ത്യൻ വെൽസ് ചാന്പ്യൻഷിപ്പിനെത്തിയത്. ഫൈനലിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ജർമനിയുടെ ലോക എട്ടാം നന്പർ താരമായ ആംഗലിക് കെർബറെ മുട്ടുകുത്തിച്ചായിരുന്നു ബിയാങ്കയുടെ കിരീട ധാരണം. സ്കോർ: 6-4, 3-6, 6-4. മൂന്ന് തവണ ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ട കെർബറിന്റെ വന്പ് ബിയാങ്കയുടെ പോരാട്ട വീര്യത്തിനു മുന്നിൽ നിഷ്പ്രഭമായി.
കിരീടത്തിലേക്കുള്ള ബിബിയുടെ ഈ യാത്രയിൽ രണ്ട് ഗ്രാൻസ്ലാം കിരീടം നേടിയ ചരിത്രമുള്ള സ്പെയിനിന്റെ ഗാർബിനെ മുഗുരുസ, ആറാം റാങ്കുകാരിയായ യുക്രെയ്നിന്റെ എലിന സ്വിറ്റോലിന തുടങ്ങിയവരും തലകുനിച്ചിരുന്നു. മുഗുരുസയെ ക്വാർട്ടറിലും സ്വിറ്റോലിനയെ സെമിയിലുമാണ് ബിയാങ്ക കീഴടക്കിയത്.
റാങ്കിൽ റോക്കറ്റ് മുന്നേറ്റം
ഇന്ത്യൻ വെൽസ് കിരീടം സ്വന്തമാക്കിയതോടെ ഡബ്ല്യുടിഎ റാങ്കിംഗിൽ റോക്കറ്റ് മുന്നേറ്റമാണ് ബിയാങ്കയെ തേടിയെത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ 243-ാം റാങ്കിലായിരുന്നു കനേഡിയൻ താരം. വൈൽഡ് കാർഡിലെത്തി വൻ അട്ടിമറിയിലൂടെ കിരീടം സ്വന്തമാക്കിയതോടെ ലോക 24-ാം സ്ഥാനത്തേക്കാണ് ബിബി എത്തിയത്. ഈ കലണ്ടർ വർഷം 118-ാം റാങ്കുമായാണ് കൗമാരതാരം കളത്തിലെത്തിയത്. ജനുവരി 27ലെ റാങ്കിംഗിൽ 68-ാം സ്ഥാനത്തേക്കെത്തി. ഈ മാസം മൂന്നിനു പുറത്തിറങ്ങിയ റാങ്ക് പ്രകാരം 60ലും.
ജാപ്പനീസ് താരം നവോമി ഒസാക്കയാണ് ലോക റാങ്കിംഗിൽ ഒന്നാമത്. പെട്ര ക്വിറ്റോവ, സിമോണ ഹാലെപ്, കെർബർ, സ്വിറ്റോലിന എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
ഫെഡററെ കീഴടക്കി തീം
പുരുഷ സിംഗിൾസിൽ 101-ാം കരിയർ കിരീടം നേടാമെന്ന സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററുടെ മോഹം ഓസ്ട്രിയൻ താരം ഡൊമിനിക് തീം തല്ലിക്കെടുത്തി. ഫൈനലിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തീം 3-6, 6-3, 7-5ന് ഫെഡററെ കീഴടക്കി ഇന്ത്യൻ വെൽസ് കിരീടം സ്വന്തമാക്കി.
ജയത്തോടെ ഫെഡററെ അഞ്ചിലേക്ക് പിന്തള്ളി തീം എടിപി റാങ്കിംഗിൽ നാലാമത് എത്തി. നൊവാക് ജോക്കോവിച്ചാണ് ഒന്നാം റാങ്കിൽ. നദാൽ, സ്വെരേവ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.