കോട്ടയം: അറുപുഴയിൽ ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ ഒരാളെ പോലീസ് പിടികൂടി. മറ്റൊരാൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി. തലയോലപ്പറന്പ് പുളിഞ്ചുവട് ബിബിൻ ചാക്കോ(26)യേയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനു വേണ്ടിയാണു പോലീസ് അന്വേഷണം നടത്തുന്നത്.
ഒളിവിൽ കഴിഞ്ഞിരുന്ന ബിബിൻ വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പിടികൂടാനെത്തിയ പോലീസ് സംഘത്തിനെ ഇയാളുടെ വീട്ടുകാർ ആക്രമിച്ചു. കടിച്ചും, മാന്തിയുമാണ് പോലീസുകാരെ വീട്ടുകാർ ആക്രമിച്ചത്. പീന്നിട് സാഹസികമായാണ് പ്രതിയെ പോലീസുകാർ കീഴടക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കഴിഞ്ഞ 28നു അറുപുഴയിലായിരുന്നു കേസിനാസ്പദമായ സംഭവം. അറുപുഴയിലെ വിവാഹ വീട്ടിലെ ചടങ്ങിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ എന്നിവർക്ക് വെട്ടേറ്റിരുന്നു. തലയ്ക്കാണ് ഇരുവർക്കും വെട്ടേറ്റത്.
തലയോലപ്പറന്പ് സ്വദേശികളായ ഷുക്കൂർ, മാത്യു ചാക്കോ (മാക്കോ) കുമ്മനം സ്വദേശികളായ ഷാഫി, ജാബി, സാജിദ് എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തിരുന്നത്. അക്രമ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് അഞ്ചു പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു.
ഇതിൽ മൂന്നു പേർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ബിബിൻ ചാക്കോ അടക്കം രണ്ടുപേർക്ക് ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് ഇയാൾക്കു വേണ്ടി വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചത്. വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്, എസ്.ഐ ടി. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എൻ. മനോജ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ.ബൈജു, ടി.ജെ.സജീവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.