കൊരട്ടി: മഞ്ഞുപൊഴിയുന്ന രാവുകളിൽ കണ്ണഞ്ചിപ്പിക്കുന്ന ബൈബിൾ കാഴ്ചകൾ കണ്ടുനടക്കാൻ ഇതാ ഒരു സുന്ദരയിടം. വയലേലകളാൽ പച്ചപുതച്ചു കിടക്കുന്ന, തൃശൂർ-എറണാകുളം ജില്ലകളുടെ അതിർത്തിഗ്രാമമായ അന്നമനട കുന്പിടിയിലാണ് ബൈബിൾ ഗ്രാമത്തിന്റെ പുനരവതരണം.
കുന്പിടി ലിറ്റിൽ ഫ്ളവർ ദേവാലയത്തോടു ചേർന്നുകിടക്കുന്ന സ്വകാര്യവ്യക്തിയുടെ ആറേക്കർ വരുന്ന റബർതോട്ടത്തിൽ പള്ളി വികാരി ഫാ. ഷിബു നെല്ലിശേരിയുടെ നേതൃത്വത്തിൽ ഒരുക്കിയ ദൃശ്യാവിഷ്കാരം ആസ്വദിക്കാൻ പതിനായിരങ്ങൾ ഇതിനകം എത്തിക്കഴിഞ്ഞു. ക്രിസ്മസിനോടനുബന്ധിച്ച് ഒരുക്കിയ മിഴിവാർന്ന ദൃശ്യങ്ങൾ ജനുവരി എട്ടുവരെ ആസ്വദിക്കാനാകും. ദിവസവും വൈകിട്ട് ആറുമുതൽ പത്തുവരെയാണു പ്രവേശനം.
ബൈബിളിൽ പ്രതിപാദിക്കുന്ന ഏദൻതോട്ടം മുതൽ നസ്രത്ത് ഉൾപ്പെടെയുള്ള മനോഹര ദൃശ്യങ്ങൾ 15 ഇടങ്ങളിലായി ചിത്രീകരിച്ചിട്ടുണ്ട്. ബാബേൽ ഗോപുരം, നോഹയുടെ പെട്ടകം, അബ്രാഹമിന്റെ ബലി, മോശയുടെ മുൾപ്പടർപ്പ്, കാനാൻദേശത്തേക്കുള്ള യാത്രയിലെ മന്നപൊഴിക്കൽ, ജെറീക്കോ പട്ടണം എന്നീ പഴയ നിയമ ദൃശ്യങ്ങൾ ദീപാലങ്കാരങ്ങളുടെയും ശബ്ദവിന്യാസത്തിന്റെയും അകന്പടിയോടെ കമനീയമായി ചിത്രീകരിച്ചിട്ടുണ്ട്.
പുതിയ നിയമത്തിലേക്കു കടന്നാൽ മറിയത്തിന്റെ വീടും എലിസബത്തിനെ സന്ദർശിക്കുന്നതും ജെറീക്കോ പട്ടണവും കൊളോസിയവും ഉണ്ട്. കൂടാതെ, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാതൃകയും കരിവീരനും പള്ളി കമ്മിറ്റിയുടെ വക വലിയ പുൽക്കൂടും ആകർഷണീയതയ്ക്കു മാറ്റുകൂട്ടുന്നു.
ഇടവകയിലെ 15 കുടുംബയൂണിറ്റുകൾക്ക് ഓരോ ആശയങ്ങൾ മുൻകൂട്ടി നൽകിയശേഷം ഏവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ മനോഹരഗ്രാമം പിറവിയെടുത്തതെന്നു വികാരി ഫാ. ഷിബു നെല്ലിശേരി പറഞ്ഞു. ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഇടവകാംഗങ്ങളും നാട്ടുകാരും ഒരു മാസത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഇതു സാധ്യമാക്കിയതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പ്രദേശവാസികളായ കലാകാരന്മാരുടെയും നിസ്വാർത്ഥമായ സേവനവും വലിയ സഹായമായി. ഇടവക കൂട്ടായ്മയുടെ ഒത്തൊരുമിച്ചുള്ള, കൈയും മെയ്യും മറന്നുള്ള രാപകൽ പരിശ്രമമാണ് സംരംഭത്തെ ഇത്രയും വിജയത്തിലെത്തിച്ചതെന്നു കണ്‍വീനർ ജോയ് മൂപ്പാട്ടുപറന്പൻ പറഞ്ഞു.
കൈക്കാരന്മാരായ കെ.കെ.തോമസ്, വി.എ. ജോസ്, ലിജു പടയാട്ടി, കണ്‍വീനർമാരായ ജെയ്സൻ മാളിയേക്കൽ, വി.കെ.ജോയി, അനിൽ കോലഞ്ചേരി എന്നിങ്ങനെ വലിയൊരു നിരതന്നെയുണ്ട് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചതിനു പിന്നിൽ.