സിജോ ഡോമിനിക്
ആലക്കോട്: സ്വന്തം കൈപ്പടയില്‍ സമ്പൂര്‍ണ ബൈബിള്‍ എഴുതി ദമ്പതികള്‍. വായാട്ടുപറമ്പ് കവലയ്ക്കു സമീപം കരിവേടന്‍കുണ്ടിലെ പഴുവന്‍കാലായില്‍ സിബി മാത്യു, ഭാര്യ സോണി സിബി എന്നിവരാണ് സ്വന്തം കൈപ്പടയില്‍ ബൈബിള്‍ പൂര്‍ണമായും എഴുതിയത്.
ബൈബിള്‍ പൂര്‍ത്തിയാക്കാനെടുത്തത് 14 മാസം. ഒഴിവ് സമയങ്ങള്‍ കണ്ടെത്തിയാണ് ബൈബിള്‍ എഴുതിയത്.
സിബി പുതുതായി നിര്‍മിച്ച വീടിന്റെ പൂര്‍ത്തീകരണത്തിനായുള്ള നിയോഗംവച്ചാണ് ബൈബിള്‍ എഴുതിയത്. പഴയ വീട്ടില്‍ നിന്ന് ആരംഭിച്ച ബൈബിള്‍ രചന പുതിയ വീട്ടില്‍വച്ച് പൂര്‍ത്തിയാക്കുകയായിരുന്നു.
ബൈബിള്‍ വചനങ്ങളോടുള്ള താത്പര്യവും വിശ്വാസവുമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് ഇരുവരും പറയുന്നു.
1765 പേജ് ആണ് ഇവര്‍ ഈ ചുരുങ്ങിയ കാലംകൊണ്ട് എഴുതിത്തീര്‍ത്തത്. എ ഫോര്‍ സൈസ് പേപ്പര്‍ ആണ് ഇതിനായി ഉപയോഗിച്ചത്.
ബൈബിള്‍ എഴുതാന്‍ ഉപയോഗിച്ച 32 പേനയും ഇവര്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ബൈബിളിന്റെ അതേഘടനയിലും രൂപത്തിലും തന്നെയാണ് രചന പൂര്‍ത്തിയാക്കിയത്. ബൈബിളില്‍ ഉള്ളതുപോലെ തന്നെ വാക്യങ്ങളും പേജുകളും കൃത്യമായി തന്നെ എഴുതി.
രണ്ടുപേരും ബൈബിളിലെ ഓരോ ഭാഗങ്ങളും മാറിമാറി എഴുതി. ബൈബിളിലെ അവസാന ഭാഗമായ വെളിപാട് രണ്ടുപേരും ചേര്‍ന്നാണ് എഴുതി പൂര്‍ത്തിയാക്കിയത്. ഇവർ തന്നെ വരച്ചെടുത്ത കവർപേജും മികവുറ്റതാണ്.
ബൈന്‍ഡിംഗ് ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും ഇവര്‍ ഒറ്റയ്ക്കാണ് ചെയ്തു തീര്‍ത്തത്. മൂന്നു തവണ പൂര്‍ണമായും സമ്പൂര്‍ണ ബൈബിള്‍ വായിച്ചുതീര്‍ത്ത വ്യക്തിയാണ് സിബി മാത്യു.
ഇപ്പോള്‍ നാലാം തവണ ബൈബിള്‍ വായന ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ 21 ാം വിവാഹ വാര്‍ഷികമായ മേയ് എട്ടിന് ഇരുവരും ചേര്‍ന്ന് ബൈബിള്‍ പ്രകാശനം ചെയ്തു.
വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന ദേവാലയവികാരി ഫാ. കുര്യാക്കോസ് കളരിക്കല്‍ ബൈബിള്‍ വെഞ്ചരിച്ച് പ്രകാശന കര്‍മം നിര്‍വഹിച്ചു.
ആലക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് സിബി. ഇരുവരും വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന ദേവാലയ സണ്‍ഡേ സ്കൂളിലെ മതാധ്യാപകരുമാണ്.
തലശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ ദന്പതിമാർക്ക് അനുമോദനങ്ങള്‍ നേര്‍ന്നു.