എസ്. മഞ്ജുളാദേവി
“ഒറ്റക്കന്പി നാദം മാത്രം മൂളും വീണാ നാദം ഞാൻ’എന്ന് എഴുതി ബിച്ചുതിരുമല. 1981-ൽ പുറത്തിറങ്ങിയ തേനും വയന്പും എന്ന സിനിമയ്ക്കു വേണ്ടി ബിച്ചു തിരുമല ഇങ്ങനെ കുറിച്ചു, എങ്കിലും മലയാള ചലച്ചിത്ര ഗാനലോകം എന്നേ പറഞ്ഞുകഴിഞ്ഞു,അഴകിന്റെ ആയിരം തന്ത്രികൾ മുഴങ്ങുന്ന വീണയാണ് ബിച്ചു തിരുമല എന്ന്!
അരനൂറ്റാണ്ടിലേറെ നീണ്ട ആ ഗാനസപര്യയിൽ ബിച്ചു തിരുമല എന്ന വിപഞ്ചികയിൽ നിന്നുണർന്നത് വൈവിധ്യമാർന്ന മൂവായിരത്തിലധികം ഗാനങ്ങളാണ്.
’ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ…’’മിഴിയോരം നനഞ്ഞൊഴുകും മുകിൽമാലകളോ..’’ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം’ എന്നിവ ഒഴുകിയ അതേ വീണയിൽ നിന്നു തന്നെയാണ് “പടകാളി ചണ്ഡിചങ്കരി പോർക്കലി മാർഗിനി ഭഗവതി’ …എന്ന ഗാനം വന്നത് എന്നറിയുക.
’ഓലത്തുന്പത്തിരുന്ന് ഉൗയലാടും ചെല്ലപൈങ്കിളി…’’കണ്ണാംതുന്പി പോരാമോ…’പോലുള്ള തേനൂറുന്ന താരാട്ട് പാട്ടുകൾ രചിച്ചതും ഇതേ പാട്ടുകാരൻ. പല ഗാനങ്ങളും സ്വന്തം ഹൃദയത്തിൽ വിരൽ ചേർത്ത് വച്ചു തന്നെയാണ് ബിച്ചു തിരുമല രചിച്ചത്.
അതുകൊണ്ടാണ് തിരുവനന്തപുരത്തെ തിരുമലയിൽ ജനിച്ചു വളർന്ന ബിച്ചുവിനു നഷ്ടപ്പെട്ട കൊച്ചുസഹോദരൻ ബാലഗോപാലൻ മലയാളികളുടെ മുഴുവൻ ഓമന കുഞ്ഞായി മാറിയത്. കുട്ടിക്കാലത്ത് തന്റെ അനിയൻ ബാലഗോപാലനെ അമ്മ എണ്ണ തേച്ച് കുളിപ്പിക്കുന്ന കാഴ്ച കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട് അദ്ദേഹം.
പിൽക്കാലത്ത് അതായത് 1992-ൽ റിലീസായ “പപ്പയുടെ സ്വന്തം അപ്പൂസിലെ’ അപ്പൂസിനു വേണ്ടി പാട്ടെഴുതുന്പോൾ അറിയാതെ ബിച്ചുവിന്റെ ഉള്ളിൽ തന്റെ ബാലഗോപാലൻ ഓടി വന്നു. സിനിമയിൽ അപ്പുവിന്റെ അമ്മയായി വരുന്ന നടി ശോഭന കുഞ്ഞിനെ കുളിപ്പിക്കുന്ന കാഴ്ച;
കൊഞ്ചിച്ച് ഓമനിക്കുന്ന ദൃശ്യം ഇത്രയേറെ മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ് പോയതിനു പിന്നിലും ഗാനരചയിതാവിന്റെ ഈ അലിഞ്ഞു ചേരൽ തന്നെ…
1972-ൽ ജയവിജയന്മാരുടെ സംഗീതത്തിൽ ’ഭജഗോവിന്ദം’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ഏറ്റവും കൂടുതൽ ഹിറ്റ് ഗാനങ്ങൾ എഴുതിയ ഗാനരചയിതാവ്, ഏറ്റവും കൂടുതൽ സംഗീതസംവിധായക·ാർക്കൊപ്പം പ്രവർത്തിച്ച ഗാനരചയിതാവ് എന്നീ ബഹുമതികളും സ്വന്തം.
ഈണത്തിനനുസരിച്ച് അതിവേഗം വരികൾ എഴുതുവാനുള്ള സിദ്ധിയും ബിച്ചു തിരുമലയുടെ പ്രധാന പ്ലസ്പോയിന്റായി കാണാം. ഈണത്തിനൊപ്പം വാക്കുകൾ തിരുകി കയറ്റുക അല്ല മറിച്ച് അർഥവും ഭാവവും ഒന്നു ചേരുന്ന സാഹിത്യം തന്നെയാണ് പലപ്പോഴും ബിച്ചു ചേർത്ത് വച്ചത്.
മലയാള പണ്ഡിതൻ സി.ഐ. ഗോപാലപിള്ളയുടെ ചെറുമകനു മലയാള സാഹിത്യവും ഭാഷയും രക്തത്തിൽ അലിഞ്ഞു ചേർന്നതാണല്ലോ. കുട്ടിക്കാലം മുതൽക്കെ വായനയോടുള്ള അഭിനിവേശം തുടങ്ങി. മനസിന്റെ ആഴത്തിൽ പതിഞ്ഞ് കിടന്ന ചങ്ങന്പുഴക്കവിതകളും പി. ഭാസ്ക്കരൻ മാസ്റ്ററിന്റെ കാവ്യങ്ങളും തന്റെ ഗാനങ്ങളെ പ്രചോദിപ്പിച്ച കഥ അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.
ഒറ്റക്കന്പി നാദം മൂളും… എന്ന ഗാനത്തിന്റെ പിറവി തന്നെ എടുക്കാം. വൈദ്യുതി പോയ ഒരു രാത്രയിൽ മെഴുകുതിരി വെട്ടത്തിൽ കൊതുകിന്റെ മൂളലും കേട്ടിരുന്നാണ് ഗാനം എഴുതിയത്. അരികിൽ പി. ഭാസ്ക്കരന്റെ ഒറ്റക്കന്പിയുള്ള തന്പുരു എന്ന കാവ്യപുസ്തകം… ഈ ഒറ്റക്കന്പിയ്ക്കും കൊതുകിന്റെ മൂളലിനും നടുവിൽ ഇരുന്ന് എഴുതിയതാണ് ഒറ്റക്കന്പി നാദം മൂളും…. എന്ന ഗാനം.
മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാർഡ് ബിച്ചു തിരുമലയ്ക്കു നേടിക്കൊടുത്തൂ ഈ ഗാനം. ജീവിതത്തിന്റെ വേദനകൾക്കും അസ്വസ്ഥതയ്ക്കും നടുവിൽ, ധ്വനിസാന്ദ്രമായ ഒരു സംഗീതസ്വപ്നവും പേറിയിരിക്കുന്പോൾ ബിച്ചുവിൽ നിന്നും അറിയാതെ ഉണർന്നു ഈ ഗാനം. ആത്മമിത്രമായ രവീന്ദ്രന്റേതാണ് സംഗീതം. ബിച്ചുവിന്റെ മിക്കവാറും എല്ലാ രചനകളിലും ഈ ജീവിതസ്പർശം ഉണ്ട്.
ഐ.വി. ശശിയ്ക്ക് ഒപ്പം 33 സിനിമകളിൽ പാട്ടെഴുതി റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട് ബിച്ചു തിരുമല. അംഗീകാരം എന്ന സിനിമയിലെ നീല ജലാശയത്തിൽ… അഹിംസയിലെ, ജലശംഖു പുഷ്പം ചൂടി…. അവളുടെ രാവുകളിലെ രാകേന്ദു കിരണങ്ങൾ… തുടങ്ങി അനവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ അവയിൽ ചിലത്.
സംഗീത സംവിധായകൻ ശ്യാമിനോടൊപ്പമാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾ. എഴുപതിലധികം സിനിമകളിലാണ് അവർ ഒരുമിച്ചത്. കണ്ണും കണ്ണും തമ്മിൽ തമ്മിൽ… (അങ്ങാടി), മൈനാകം (തൃഷ്ണ), ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ (കാണാമറയത്ത്) അങ്ങനെ ബിച്ചു-ശ്യാം കൂട്ടുകെട്ട് ഒരുപുതിയ റെക്കോർഡ് തന്നെ സൃഷ്ടിച്ചു.
തെന്നിന്ത്യൻ സംഗീത ഇതിഹാസങ്ങളായ ഇളയരാജ, എം.എസ്. വിശ്വനാഥൻ, എ.ആർ. റഹ്മാൻ എന്നിവർക്കൊപ്പം മാജിക്ക് തീർത്തിട്ടുണ്ട് ബിച്ചു തിരുമല. ’ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി…’ എം.എസ്.വിയുമായി ചേർന്ന് ’വെട്ടുക്കിളി പോലെ മുന്നിൽ, എ.ആർ.റഹ്മാനൊപ്പം പടകാളി…
തുടങ്ങിയവ ആ ഗാനവൈവിധ്യത്തിന്റെ ഉദാഹരണങ്ങൾ. മലയാളത്തിന്റെ ജി. ദേവരാജൻ, വി. ദക്ഷിണാമൂർത്തി എന്നീ മഹാരഥന്മാർക്കൊപ്പം ’പ്രണയ സരോവര തീരം….’ (ദേവരാജൻ) ,നനഞ്ഞു നേരിയ പട്ടുറുമാൽ (ദക്ഷിണാമൂർത്തി) എന്നീ ഗാനങ്ങളിലും ബിച്ചു ഒന്നിച്ചു.
എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ ’നീലജലാശയത്തിൽ’ തുടങ്ങിയ ഗാനങ്ങൾ ബിച്ചു തിരുമലയുടെ ഹിറ്റ് ഗാനങ്ങളിൽ ഉൾപ്പെടുന്നു. അണിയാത്ത വളകൾ, ഏപ്രിൽ 18, ചിരിയോചിരി തുടങ്ങിയ ബാലചന്ദ്രൻ ചിത്രങ്ങളിലെ ബിച്ചു ഗാനങ്ങളും പ്രശസ്തമായി.
1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ ബിച്ചുതിരുമലയുടെ ഗാനങ്ങൾ ഒരു മഞ്ഞലയായി തന്നെയാണ് മലയാളത്തെ പൊതിഞ്ഞത്. ’മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ…’ എന്ന വരികൾ എണ്പതുകളിലെ യുവത്വത്തിന്റെ പ്രണയ മനസായി മാറുകയായിരുന്നു.
’താന്നെ തളർന്ന് വീഴും വസന്തോത്സവങ്ങളിൽ എങ്ങോ കൊഴിഞ്ഞ കനവായി സ്വയം ഞാൻ ഒരുങ്ങിടാം…’ എന്നതിലെ കാമുക ഹൃദയം ഇന്ന് അന്യമായി കൊണ്ടിരിക്കുകയാണ്. പ്രതികാരവും കൊലവിളിയും കൊലക്കത്തിയും പ്രണയത്തിന്റെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു നനുത്ത സ്വപ്നമായി ബിച്ചു തിരുമലയുടെ ഗാനം എവിടെയോ നിറയുന്നു, തുടിക്കുന്നു… ’മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ…’
ഗാനഗന്ധവനെ അദ്ഭുതപ്പെടുത്തിയ ബിച്ചു
ആദ്യ സിനിമാഗാനം’ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖി നീ പല്ലവി പാടിയ നേരം…’എന്ന ബിച്ചു തിരുമലയുടെ ആദ്യ സിനിമാ ഗാനം പാടിയത് ഗാനഗന്ധർവൻ. റെക്കോർഡിംഗ് സമയത്ത് യേശുദാസ് ചോദിച്ചുവത്രേ- ആരാണ് ഈ ഗാനം എഴുതിയത്? വയലാറിന്റെയും പി. ഭാസ്ക്കരന്റെയും ഒ.എൻ.വി യുടെയും പിന്തുടർന്ന് വന്ന ശ്രീകുമാരൻ തന്പിയുടെയും യുസഫലിയുടെയും എത്രയോ മധുരഗാനങ്ങൾ പാടിയ യേശുദാസിനെ പോലും അത്ഭുതപ്പെടുത്തിയിരുന്നു ബിച്ചു തിരുമല എന്ന അന്നത്തെ നവാഗതന്റെ രചന.
1970-ൽ ആയിരുന്നു ആദ്യ സിനിമ. ചിത്രം പക്ഷേ പുറത്തു വന്നില്ല. ആദ്യം വെളിച്ചം കണ്ട ചലച്ചിത്രം ചലച്ചിത്ര നടൻ മധു സംവിധാനം ചെയ്ത അക്കൽദാമ.