സൈക്കിള്‍ കള്ളന് സുന്ദരിയായ ഉടമ കൊടുത്തത് നല്ല നൈസ് പണി; പിന്നെ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍

CYCLEലോകത്തെ ഒരു കള്ളനും സ്വപ്‌നത്തില്‍ പോലും ഇങ്ങനെയൊരു പണി കിട്ടുമെന്ന് പ്രതീക്ഷിക്കില്ല. യുകെയിലാണ് സിനിമയെ വെല്ലുന്ന മോഷണവും അതിന്റെ ആന്റി ക്ലൈമാക്‌സും സംഭവിച്ചത്. ബ്രിസ്‌റ്റോളിലെ ജെന്നി മോര്‍ട്ടന്‍ ഹംഫ്രീസ് എന്ന മുപ്പതുകാരിയാണ് നായിക. ജെന്നിയുടെ സൈക്കിള്‍ മോഷണം പോയി. അന്വേഷണങ്ങള്‍ വിഫലമായപ്പോഴാണ് ജെന്നി ഫേസ്ബുക്കില്‍ സൈക്കിളിന്റെ പടമിട്ട് സഹായം തേടിയത്. ഇതേ സമയം സൈക്കിള്‍ വില്‍പനയ്ക്കുണ്ടെന്നു കാട്ടി കള്ളനും ഫേസ്ബുക്കില്‍ പടമിട്ടതോടെയാണ് സംഭവം രസകരമാകുന്നത്.

കള്ളനിട്ട പരസ്യം ജെന്നിയുടെ സുഹൃത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ട്വിസ്റ്റുകള്‍ക്ക് തുടക്കമാവുന്നത്. ജെന്നിയും സുഹൃത്തും കൂടി സൈക്കിള്‍ ‘വാങ്ങാന്‍’ തന്നെ കൂടിയാലോചന നടത്തി. ഇത്തിരി നാടകീയതയായിക്കൊള്ളട്ടെയെന്നു കരുതിയാകാം, ജെന്നി പൊലീസിന്റെയും സഹായം തേടി. കള്ളനെ കയ്യോടെ പിടിക്കണമെന്നും ആവശ്യപ്പെട്ടു. വേറെ പണിയുള്ളതിനാല്‍ സൈക്കിള്‍ കേസ് പൊലീസ് കൈവിട്ടു. എങ്കിലും ജെന്നിയും സുഹൃത്തും പദ്ധതി തുടരാന്‍ തന്നെ ഉറച്ചു. പരസ്യമിട്ടയാളോട് നേരില്‍ കാണാമോയെന്ന് ആരാഞ്ഞു.

എന്തായാലും ഇവരുടെ വാക്കു  വിശ്വസിച്ച് സൈക്കിളുമായി അയാള്‍ എത്തി. സൈക്കിള്‍ വാങ്ങാന്‍ താല്‍പര്യമുള്ളയാളെപ്പോലെ ഓരോരോ ചോദ്യങ്ങള്‍ ചോദിച്ചു ജെന്നി. സൈക്കിളിന്റെ സീറ്റിന് ഉയരക്കൂടുതലാണെന്ന പരാതിയും പറഞ്ഞു. ഒടുവില്‍ ടെസ്റ്റ് റൈഡും തരപ്പെടുത്തി. ചവിട്ടാനെടുത്ത ജെന്നിയുണ്ടോ തിരിച്ചുവരുന്നു.. കള്ളന്റെ കയ്യില്‍നിന്ന് അങ്ങനെ സ്വന്തം സൈക്കിള്‍ കട്ടെടുത്ത് അവര്‍ സ്വന്തമാക്കി. വില്‍ക്കാന്‍ വയ്ക്കുമ്പോള്‍ കാശു കൂടുതല്‍ കിട്ടാന്‍ അത്യാവശ്യം അറ്റകുറ്റപ്പണികളൊക്കെ സൈക്കിളില്‍ ചെയ്ത കള്ളന്‍ ശശിയാവുകയും ചെയ്തു.

Related posts