കൊല്ലം : കാഷ്യു ബോർഡിന്റെ തോട്ടണ്ടി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ. കശുവണ്ടി വികസന കോർപ്പറേഷന്റെ അയത്തിൽ ഫാക്ടറി പടിക്കൽ നിന്നും ആരംഭിച്ച സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്സ് കോണ്ഗ്രസ്. ഐഎൻടിയുസിയുടെ സമരപ്രചരണവാഹനജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
സംസ്ഥാന ഗവണ്മെന്റിന്റെ ക്യാബിനറ്റ് യോഗത്തിൽ നിലവിൽ കശുവണ്ടി കോർപ്പറേഷനും കാപ്പെക്സും ഇടനിലക്കാരിൽ നിന്നും തോട്ടണ്ടി വാങ്ങുന്നത് ഒഴുവാക്കാനെന്ന് ധരിപ്പിച്ച് തോട്ടണ്ടി വിദേശനാടുകളിൽ നിന്നും നേരിട്ട് വാങ്ങുന്നതിന് കേരളാ കാഷ്യു ബോർഡ് രൂപീകരിക്കണമെന്ന മേഴ്സികുട്ടിയമ്മയുടെ ആവശ്യപ്രകാരം തത്വത്തിൽ അംഗീകാരം നല്കി.
നിലവിൽ വന്ന കാഷ്യൂ ബോർഡ് ഇടനിലക്കാരെ ഒഴുവാക്കിയാണോ കശുവണ്ടി ഇറക്കുമതി ചെയ്യുന്നത് എന്ന ചോദ്യത്തിന് ഒരു പരസ്യ സംവാദത്തിലൂടെ മറുപടി നല്കാൻ വകുപ്പ് മന്ത്രി തയ്യാറുണ്ടോ എന്ന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ അഡ്വ.ബിന്ദുകൃഷ്ണ ചോദിച്ചു.
യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. ശൂരനാട് ശ്രീകുമാർ, ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ, സ്റ്റാഫ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് കാഞ്ഞിരവിള അജയകുമാർ, യൂണിയൻ ജില്ലാ പ്രസിഡന്റ് പുത്തൂർ ഗോപകുമാർ, കുന്നത്തൂർ ഗോവിന്ദപിള്ള, ഐ.എൻ.ടി.യു.സി.ജില്ലാ സെക്രട്ടറി ചന്ദ്രൻപിള്ള, ശ്രീനിവാസൻ, ഷൗക്കത്ത്, ഒ.ബി.രാജേഷ്, അയത്തിൽ ശ്രീകുമാർ, മോഹൻലാൽ, അയത്തിൽ രഘു എന്നിവർ പ്രസംഗിച്ചു.