ശബരിമലയിലെ സ്ത്രീപ്രവേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന ആക്രമണങ്ങള്‍ക്കെതിരെ സിപിഎം ഔദ്യോഗിക ഫേസ്ബുക് പേജില്‍ നല്‍കിയ ചിത്രത്തിന്റെ പോരില്‍ പുലിവാലുപിടിച്ച് പാര്‍ട്ടി. സിപിഎമ്മുകാര്‍ കല്ലേറു നടത്തുന്നെന്നു ചൂണ്ടിക്കാട്ടി ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് അക്രമത്തിനെതിരായ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനൊപ്പം നല്‍കിയത്.
കലാപനീക്കം നടക്കില്ല എന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും അദ്ദേഹത്തിന്റെ ചിത്രവും അക്രമത്തിന്റെ ചിത്രവും സംയോജിപ്പിച്ചായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘സിപിഐഎം കേരള’ എന്ന ഔദ്യോഗിക ഫേസ്ബുക് പേജിലാണ് കഴിഞ്ഞ ദിവസം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഏതാനും പേര്‍ കല്ലെറിയുന്നതാണു ചിത്രത്തില്‍ കാണുന്നത്. പൊലീസും ഉള്‍പ്പെട്ടതാണ് ചിത്രം.
‘സെക്രട്ടേറിയറ്റിനു മുന്നില്‍ പൊലീസിനു പിന്നിലായി സുരക്ഷിതരായി നിന്ന് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കാരെ കല്ലെറിയുന്നു’. ഇങ്ങനെയായിരുന്നു ചിത്രത്തിന് ഇംഗ്ലിഷ് പത്രം നല്‍കിയിരുന്ന അടിക്കുറിപ്പ്. ഇതേ ചിത്രം അക്രമങ്ങള്‍ക്കെതിരായ മുന്നറിയിപ്പിനൊപ്പം പ്രസിദ്ധീകരിച്ചു വന്നത് പാര്‍ട്ടിക്ക് നാണക്കേടായി. ഇക്കാര്യം പോസ്റ്റിനു ചുവട്ടില്‍ പലരും കമന്റായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.