തൃശൂർ: ആറു കിലോമീറ്ററിലേറെ നീളവും രണ്ടു ടണ്ണിലേറെ ഭാരവുമുള്ള തൃശൂരിലെ ഭീമൻ കേക്ക് ഇനി ഗിന്നസ് ബുക്കിൽ. 2018ൽ ചൈനീസ് ബേക്കറി അസോസിയേഷൻ 3.18 മീറ്റർ നീളത്തിൽ നിർമിച്ച കേക്കിന്റെ റിക്കാർഡാണ് ഹാപ്പി ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ സമാപനത്തോടനുബന്ധിച്ച് തൃശൂരിൽ നിർമിച്ച കേക്ക് പഴങ്കഥയാക്കുന്നത്. കേരള ബേക്കേഴ്സ് ഓണേഴ്സ് അസോഷിയേഷന്റെ നേതൃത്വത്തിൽ 160 യൂണിറ്റുകളിൽനിന്ന് ആയിരത്തിലധികം ഷെഫുമാർ പങ്കെടുത്തായിരുന്നു കേക്ക് നിർമാണം.
രാമനിലയത്തിനു മുന്നിൽനിന്നു തുടങ്ങി റീജണൽ തിയേറ്റർ, കേരള സംഗീത നാടക അക്കാദമി, ബാലഭവൻ, കെഎസ്എഫ്ഇ എന്നിവയുടെ മുന്നിൽ 3000 ടേബിളുകളിൽ ഏഴു നിരകളിലായാണ് കേക്ക് തയാറാക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേർ കേക്ക് നിർമാണം കാണാനെത്തിയിരുന്നു. അഞ്ച് ഇഞ്ച് വീതിയിലും അഞ്ച് ഇഞ്ച് ഉയരത്തിലുമായിരുന്നു നിർമാണം. 30 മീറ്റർ ദൂരത്തിൽ അഞ്ച് ഷെഫുമാർ വീതം അണിനിരന്നു. വാനില കേക്കുകൾ ഘടിപ്പിച്ച് അതിൽ ചോക്കലേറ്റ് ഐസിംഗ് നടത്തിയായിരുന്നു കേക്ക് നിർമാണം.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ ചെറുതും വലുതുമായ ബേക്കറികളിലെ ഷെഫുമാരാണ് നിർമാണത്തിൽ പങ്കാളികളായത്. ഓരോ ജില്ലകൾക്കും പ്രത്യേകം സ്ഥലങ്ങൾ സജ്ജമാക്കിയിരുന്നു. ഗിന്നസ് ബുക്ക് അധികൃതരുടെ പരിശോധന പൂർത്തിയായതിനുശേഷം കേക്ക് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു. തുടർന്ന് കേക്ക് മുറിച്ച് കാണികൾക്കും അനാഥാലയങ്ങൾക്കും സ്കൂളുകൾക്കും സൗജന്യമായി വിതരണം ചെയ്തു. 60 ലക്ഷത്തോളം രൂപയാണ് ഭീമൻ കേക്കിന്റെ നിർമാണച്ചെലവ്.
ഗിന്നസ് ബുക്ക് പ്രതിനിധി സ്വപ്നിൽ മഹേഷ് ഡങ്കാരികറിന്റെ സാന്നിധ്യത്തിൽ മേയർ അജിത വിജയൻ കേക്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു. നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റ് കണ്‍വീനറും കല്യാണ്‍ സിൽക്സ് മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, കൗണ്‍സിലർമാർ, ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.