മീന്‍പിടിത്തം ഒരു കലയാണെന്ന് പറയാറുണ്ട്. ഇപ്പോള്‍ വ്‌ളോഗിംഗിന്റെ കാലമായതിനാല്‍ ലോകമെമ്പാടും മീന്‍പിടിത്തക്കാരായ വ്‌ളോഗര്‍മാരുമുണ്ട്.
മീന്‍പിടിത്തത്തിന്റെ നിരവധി വീഡിയോകളാണ് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ചൂണ്ടയില്‍ കൊത്തിയ മീനിനെ കരയില്‍ പിടിച്ചിടുന്നതാണ് പതിവെങ്കിലും ഇവിടെ ആ പതിവു തെറ്റി. ചൂണ്ടക്കാരനെ പിടിച്ച് വെള്ളത്തിലിട്ട മീനാണ് ഇവിടെ ഹീറോ.
ഹംഗറിയിലെ സൊമോഗി കൗണ്ടിയിലാണ് സംഭവം. ഇവിടുത്തെ ഹര്‍സാസ്‌ബെര്‍ക്കി കായലില്‍ ചൂണ്ടയിടാനെത്തിയതായിരുന്നു ലോറന്റ് സാബോ എന്ന യുവാവിനെയാണ് ഭീമന്‍ മീന്‍ വലിച്ച് വെള്ളത്തിലിട്ടത്..
കാത്തിരുന്നു അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്നെ മത്സ്യം ചൂണ്ടയില്‍ കൊത്തി. ഉടന്‍ തന്നെ മത്സ്യത്തെ വലിച്ച് കരയ്ക്കിടാന്‍ ശ്രമിച്ചു.
എന്നാല്‍ ചൂണ്ടയില്‍ കുടുങ്ങിയത് അത്ര ചെറിയ മത്സ്യമല്ലെന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ ലോറന്റ് സാബോയിക്ക് പിടികിട്ടി.
ചൂണ്ടയുടെ നിയന്ത്രണം നഷ്ടപ്പെട്ട സാബോയെ നിമിഷങ്ങള്‍ക്കകം തന്നെ കൂറ്റന്‍ മത്സ്യം വലിച്ച് വെള്ളത്തിലേക്കിടുകയും ചെയ്തു.
66 കിലോയോളം ഭാരമുള്ള കൂറ്റന്‍ ക്യാറ്റ് ഫിഷ് ആണ് സാബോയുടെ ചൂണ്ടയില്‍ കുടുങ്ങിയത്. ഏറെ നേരത്തെ പരിശ്രമത്താല്‍ താന്‍ മത്സ്യത്തെ പിടികൂടിയെന്നും വെള്ളത്തില്‍ വീണുപോയ ചൂണ്ട ഒരുമണിക്കൂറോളം തിരഞ്ഞശേഷമാണ് കിട്ടിയതെന്നും സാബോ വ്യക്തമാക്കി.
സമീപത്തുണ്ടായിരുന്ന സാബോയുടെ സുഹൃത്തുക്കളാണ് ഈ ദൃശ്യം പകര്‍ത്തിയത്. വൈറല്‍ഹോഗ് യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോ ഇപ്പോള്‍ വൈറലാണ്.