വേനല്‍ചൂടില്‍ കേരളം ചുട്ടുപൊള്ളുകയാണ്. മാര്‍ച്ചില്‍ സാധാരണ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇപ്പോള്‍ ഈ ചൂടാണെങ്കില്‍ ഏപ്രില്‍,മെയ് മാസങ്ങളില്‍ എന്താവും അവസ്ഥയെന്ന ആശങ്കയിലാണ് ജനങ്ങള്‍.
താപനിലയുടെ കാര്യത്തില്‍ കോട്ടയവും പത്തനംതിട്ടയുമാണ് റെക്കോര്‍ഡിട്ട് മുന്നേറുന്നത്. ലഭിക്കേണ്ടതില്‍ കൂടുതല്‍ മഴ ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. അ സമയത്തെ തന്നെയാണ് ചൂട് ക്രമാതീതമായി ഉയരുന്നതെന്നതാണ് വിരോധാഭാസം.
ഈയാഴ്ച അവസാനത്തോടെ വേനല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയെങ്കില്‍ കടുത്ത വേനലും ജലക്ഷാമവും ഇക്കുറി ഉണ്ടാവില്ലെന്നും പ്രത്യാശിക്കാം.
കിഴക്കന്‍ വനമേഖലയില്‍ കാട്ടുതീ ഭീഷണിയും ഒഴിവായേക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും നിലവിലെ ചൂടിന് കാലാവസ്ഥ നിരീക്ഷകര്‍ നിരത്തുന്ന കാരണങ്ങള്‍ അനവധിയാണ്.
സൂര്യന്റെ ഉത്തരയാന യാത്രയാണ് ഇതിന് പ്രധാനകാരണമായി പറയപ്പെടുന്നത്.സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള വരവാണ് ചൂട് കൂടാന്‍ പ്രധാന കാരണം.
ഏകദേശം മാര്‍ച്ച് 22 നാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്കു മുകളിലെത്തുന്നത്. അവിടെ നിന്നു വടക്കോട്ടു സഞ്ചരിച്ച് ഏപ്രില്‍ പകുതിയോടെ കേരളത്തിനു മുകളിലെത്തുമ്പോള്‍ മേടമാസം പിറക്കും.
മേഘങ്ങള്‍ ഒഴിഞ്ഞ് അന്തരീക്ഷം തെളിയുന്നതും ചൂട് വര്‍ധിക്കാനും തണുപ്പു കൂടാനും കാരണമാകും.പകല്‍ സമയത്ത് ആകാശം തെളിഞ്ഞാല്‍ സൂര്യരശ്മിയിലെ പല ആവൃത്തികളിലുള്ള തരംഗങ്ങള്‍ മുഴുവനായും ഭൂമിയില്‍ പതിച്ച് ചൂട് വര്‍ധിക്കും.
എന്നാല്‍ രാത്രിയില്‍ ആകാശം തെളിഞ്ഞാല്‍ ചൂട് മുഴുവന്‍ അന്തരീക്ഷത്തിലേക്ക് തിരികെ പോകുമെന്നതിനാല്‍ തണുപ്പ് അനുഭവപ്പെടും.
സീതത്തോട്്,വാഴക്കുന്നം എന്നീ സ്ഥലങ്ങളാണ് പത്തനംതിട്ടയില്‍ ചൂടില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഇവിടങ്ങളില്‍ ഓട്ടമാറ്റിക് താപമാപിനികളില്‍ തിങ്കളാഴ്ച 38.9 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
ബുധനാഴ്ച കോട്ടയത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 38.4 ഡിഗ്രിയായിരുന്നു. സീതത്തോട്ടില്‍ ഇന്നലെ ചൂട് 37.9 ഡിഗ്രിയും വാഴക്കുന്നത്ത് 38.9 ഡിഗ്രിയുമായിരുന്നു.
രാവിലെ 11നും ഉച്ചയ്ക്ക് മൂന്നിനുമിടയിലുള്ള സമയത്താണ് ചൂട് തീവ്രമാകുന്നത്. പുണെ ആസ്ഥാനമായ ക്ലൈമറ്റ് റിസര്‍ച് സര്‍വീസസ് എന്ന സ്ഥാപനം ഉപഗ്രഹ സംവിധാനം വഴിയാണ് ഈ ഡേറ്റ ശേഖരിക്കുന്നത്.
തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പില്‍ ഇതു കടന്നുവരാറില്ല. എന്തായാലും വേനല്‍മഴ നല്ലരീതിയില്‍ ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാവും.