കുടുംബത്തിലെ കുട്ടികളുടെ എണ്ണം കുറച്ചു കൊണ്ടുവരികയാണ് ആധുനിക കാലത്തിലെ ദമ്പതികള്‍. തിരക്കേറിയ അവരുടെ ജിവിതത്തിനിടയില്‍ കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സമയമില്ലായ്മയാണ് ഒട്ടുമിക്ക ആളുകളും ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ ഇത്തരക്കാരില്‍ നിന്നൊക്കെ വ്യത്യസ്തയാവുകയാണ് ബ്രിട്ടീഷ് ദമ്പതികളായ നോയല്‍ റാഡ്‌ഫോര്‍ഡ്- സൂ ദമ്പതികള്‍. ഈ അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ മക്കള്‍19 പേരാണ്. സെപ്റ്റംബറില്‍ ഈ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തുമ്പോള്‍ മക്കളുടെയെണ്ണം 20 ആകും.
ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം എന്ന വിശേഷണം സ്വന്തമാക്കിയ നോയല്‍ റാഡ്‌ഫോര്‍ഡ് സൂ ദമ്പതികള്‍ തന്നെയാണ് തങ്ങളുടെ 20ാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം എന്ന ബഹുമതി ഇവര്‍ സ്വന്തമാക്കി കഴിഞ്ഞു. 10 ആണ്‍കുഞ്ഞുങ്ങളും 9 പെണ്‍കുഞ്ഞുങ്ങളുമാണ് ഇപ്പോള്‍ ഇവര്‍ക്കുള്ളത്. സെപ്റ്റംബറിലെത്തുന്ന കുഞ്ഞതിഥികൂടിയാവുമ്പോള്‍ മക്കളുടെയെണ്ണം 20 ആകുമെന്നു ബ്ലാക്‌ബോര്‍ഡില്‍ കുറിച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് കുടുംബം സന്തോഷവാര്‍ത്ത പങ്കുവെച്ചത്.
42 വയസ്സുകാരിയായ സൂയിന്റെ ഏറ്റവും മൂത്ത മകന് 27 വയസ്സാണ് പ്രായം. ഇവരുടെ ഏറ്റവും ഇളയ കുഞ്ഞുപിറന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു. 22 വയസ്സുകാരിയായ സോഫി, 21 വയസ്സുള്ള ക്ലോയ്, ജാക്ക് (19), ഡാനിയേല്‍ (17), ലൂക്ക് (15), മിലി(14 ), കാത്തി(13), 12 വയസ്സുകാരന്‍ ജെയിംസ്, 11 വയസ്സുള്ള എല്ലി, 10 വയസ്സുള്ള എയ്മി, 9 വയസ്സുള്ള ജോഷ്, 7 വയസ്സുകാരന്‍ മാക്‌സ്, 6 വയസ്സുകാരി ടില്ലി, 4 വയസ്സുള്ള ഓസ്‌കര്‍, 3 വയസ്സുള്ള കാസ്പര്‍, കൈക്കുഞ്ഞായ ഹാലി എന്നിവരാണ് ഇവരുടെ മറ്റ് മക്കള്‍. 2014 ല്‍ ഇവരുടെ ഒരു കുഞ്ഞ് ഗര്‍ഭത്തിലിരിക്കെ മരിച്ചുപോയിരുന്നു ആ കുഞ്ഞിനെയും ഇവര്‍ മറന്നിട്ടില്ല.
ആല്‍ഫി എന്ന പേര് വിളിച്ചാണ് ഇവര്‍ ആ കുഞ്ഞിനെ ഓര്‍മ്മിക്കുന്നത്. സ്വന്തമായി നടത്തുന്ന ബേക്കറി ബിസിനസ്സില്‍ നിന്നാണ് കുടുംബത്തിന്റെ ചിലവിനുള്ള വരുമാനം കണ്ടെത്തുന്നത്. ദിവസവും വെളുപ്പിനെ 5 മണിക്ക് ബേക്കറിയിലെത്തുന്ന നോയല്‍ കുഞ്ഞുങ്ങളെ സ്‌കൂളിലാക്കാന്‍ സമയമാകുമ്പോള്‍ വീട്ടിലേക്കു മടങ്ങും. വീണ്ടും തിരികെ വരുന്ന നോയലിനൊപ്പം മുതിര്‍ന്ന കുട്ടികളുമുണ്ടാകും. അവര്‍ അച്ഛനെ ജോലിയില്‍ സഹായിക്കും. വളരെയധികം സന്തോഷത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഇവരുടെ കുടുംബത്തിലെ വിശേഷങ്ങളോട് പ്രതികരിക്കുന്നത്. ഈ അച്ഛനെയും അമ്മയെയും പോലെ 20-ാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ അഭ്യുദയകാംക്ഷികളായ ലക്ഷക്കണക്കിനാളുകളും. തങ്ങളുടെ കുടുംബാന്തരീക്ഷം ഏവര്‍ക്കും പ്രചോദനമാകണമെന്നതാണ് ഈ ദമ്പതികളുടെയും മക്കളുടുടെയും ആഗ്രഹം.