ഒരു ടണ്ണിലധികം തൂക്കമുള്ള മീനിനെ പിടികൂടിയതിലൂടെ നാട്ടിൽ താരങ്ങളായിരിക്കുകയാണു ബിഹാറില്‍നിന്നുള്ള രണ്ടു മത്സ്യത്തൊഴിലാളികള്‍. മധുബനിയിലെ ജഞ്ജർപുരിലെ ഒരു നദിയിൽനിന്നു ഹരികിഷോർ, സുധൻ എന്നിവർ വലവീശിപ്പിടിച്ച മത്സ്യത്തിന്റെ ഭാരം 125 കിലോഗ്രാം.
നദിയിലെ വെള്ളത്തിന്റെ ചലനം മനസിലാക്കി വലിയ മത്സ്യത്തിന്റെ സാന്നിധ്യം അറിഞ്ഞുകൊണ്ടുതന്നെയാണു വല വീശിയതെന്ന് ഇരുവരും പറയുന്നു. മീനിനെ കണ്ട് തങ്ങൾ ആദ്യം ഭയന്നു പോയെന്നും ഇവർ പ്രദേശിക മാധ്യമങ്ങളോടു പറഞ്ഞു. വലയിൽ കുടുങ്ങിയ മത്സ്യഭീമനെ പത്തോളം ബോട്ട് ജീവനക്കാരുടെ സഹായത്തോടുകൂടിയാണു കരയിലേക്കു വലിച്ചു കയറ്റിയത്.
വലയിൽനിന്നു പുറത്തെടുത്തു തൂക്കിനോക്കിയപ്പോഴാണു 125 കിലോയോളം ഭാരമുണ്ടെന്നു വ്യക്തമായത്. എന്നാൽ ഏതിനം മത്സ്യമാണ് ഇതെന്നു തിരിച്ചറിയാൻ സാധിച്ചില്ലെന്നും ലേലത്തിന് വച്ച് മീനിനെ പിന്നീടു വിറ്റെന്നും റിപ്പോർട്ടുകളിൽ പറയുന്നു.