ഒട്ടാവ: കാനഡയിലെ വെസ്റ്റേൺ ഒന്റാറിയോ സർവകലാശാല പ്രഫസർ ജോഷ്വ പിയേഴ്സിന്റെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു നടത്തിയ പഠനത്തിലെ വിവരങ്ങൾ ലോകത്തെയാകെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ആഗോളതാപനം നിലവിലുള്ളതിൽനിന്നു രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാല്,
അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമാകുമെന്നു പഠനറിപ്പോർട്ടിൽ മുന്നറിയിപ്പ് നല്കുന്നു. എനർജീസ് ജേണലിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
അന്തരീക്ഷത്തിൽ കാർബൺ വർധിക്കുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. കാർബണിന്റെ 40 ശതമാനത്തിലധികവും എണ്ണ-വാതക വ്യവസായത്തിലൂടെയാണ് അന്തരീക്ഷത്തിൽ എത്തുന്നത്.
വരാനിരിക്കുന്ന വലിയ ദുരന്തത്തില്നിന്നു രക്ഷപ്പെടണമെങ്കില് പുറംതള്ളപ്പെടുന്ന കാർബണിന്റെ തോത് കുറയ്ക്കണം. ഫോസില് ഇന്ധന ഉപയോഗത്തില്നിന്നു പിന്തിരിയുകയും മറ്റ് ഊര്ജ സാധ്യതകളെ ഉപയോഗപ്പെടുത്തുകയുമാണ് ഈ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനുള്ള ഏക പോംവഴി.
ഗവൺമെന്റിന്റെയും കോർപ്പറേറ്റുകളുടെയും പൗരന്മാരുടെയും ഉയർന്ന തലത്തിലുള്ള നടപടികളും ഇടപെടലും ഇതിനായി പഠനം ആവശ്യപ്പെടുന്നു.