കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിൽ നട്ടംതിരിയുന്ന സാധാരണക്കാരന് വീണ്ടും ഇരുട്ടടി നൽകി പാചകവാതക വില കുത്തനേ കൂട്ടി.
ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് വർധിച്ചത്. പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ വില പ്രകാരം 1,110 രൂപയാണ് കൊച്ചിയിൽ ഗാർഹിക സിലണ്ടറിന്റെ വില. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടിയപ്പോൾ ഒരു സിലിണ്ടർ വാങ്ങാൻ ഇനി 2,124 രൂപ നൽകണം.
നേരത്തെ 1,773 രൂപയായിരുന്നു. സമീപകാലത്ത് പാചകവാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്.ഗാർഹിക സിലിണ്ടറിന് ഇതിനു മുന്‍പ് വില വർധിപ്പിച്ചത് കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു.
മേയിൽ രണ്ടു തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടർച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്.
ജൂണ്‍ മുതൽ 475.50 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്. എണ്ണക്കന്പനികളുടെ യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമായത്.
ഗാർഹിക സിലിണ്ടറിന് വില വർധിപ്പിച്ചത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കും. വാണിജ്യ സിലിണ്ടറിന്റെ വില കൂടിയത് ഹോട്ടൽ ഭക്ഷണത്തിന്റെ വില വർധിക്കാനും ഇടയാക്കും.
പാചകവാതകത്തിന് കഴിഞ്ഞ രണ്ട് വർഷമായി സബ്സിഡി കേന്ദ്രം നൽകുന്നില്ല. സബ്സിഡി നിർത്തിയിട്ടില്ലെന്ന് കേന്ദ്രം പാർലമെന്റിൽ ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സബ്സിഡി എത്തുന്നില്ലെന്നാണ് പരാതി.