മഹാരാഷ്ട്രലെ തീർഥാടന കേന്ദ്രങ്ങളിലൂടെ ദൈവങ്ങളുടെ അനുഗ്രഹവും യാചിച്ച് നടക്കുന്പോഴാണ് രവീന്ദ്ര ബൊലൂറിനെ തേടി ഒരു ഫോണ്കോൾ എത്തുന്നത്. ഒരൊറ്റ നിമിഷംകൊണ്ട് താൻ കോടീശ്വരനായ വിവരം അറിയിക്കുന്നതിനുള്ള ഫോണ്കോളായിരുന്നു അത്.
അബുദാബിയിലെ ബിഗ് ടിക്കറ്റ് എന്ന നറുക്കെടുപ്പിൽ ഇത്തവണത്തെ വിജയിയാണ് രവീന്ദ്ര ബൊലൂർ. ഒന്നും രണ്ടുമല്ല 19 കോടി രൂപയാണ് ഈ നറുക്കെടുപ്പിലൂടെ ഈ ഇന്ത്യൻ പ്രവാസി സ്വന്തമാക്കിയത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന നറുക്കെടുപ്പിലാണ് രവീന്ദ്ര ബലൂർ തെരഞ്ഞെടുക്കപ്പെട്ടത്.
ഉടൻതന്നെ അധികൃതർ രവീന്ദ്രയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. യുഎഇയിലെ നന്പറിൽ വിളിച്ചിട്ട് നിരാശയായിരുന്നു ഫലം. ഒടുവിൽ നിരവധി തവണ ശ്രമിച്ചതിനുശേഷം ഇദ്ദേഹത്തിന്റെ ഇന്ത്യൻ നന്പറിൽ ഒരു പെണ്കുട്ടി ഫോണെടുത്തു. രവീന്ദ്ര മുംബൈയിൽ പോയിരിക്കുകയാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിച്ചാൽ കിട്ടുമെന്നും പറഞ്ഞ് കുട്ടി ഫോണ് കട്ട് ചെയ്തു.
പിന്നീട് എത്ര വിളിച്ചിട്ടും ഫോണ് എടുത്തുമില്ല. ഇതേത്തുടർന്ന് രവീന്ദ്രയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ടിക്കറ്റ് അധികൃതർ രംഗത്തെത്തിയിരുന്നു. അപ്പോഴാണ് രവീന്ദ്രയെക്കുറിച്ചുള്ള വിവരങ്ങളുമായി സുഹൃത്തുക്കൾ എത്തിയത്.
വിവരം നൽകിയത് കൂട്ടുകാർ
കർണാടകയിലെ മാംഗളൂരുക്കാരനാണ് രവീന്ദ്ര. രണ്ടാഴ്ച മുന്പാണ് ഇദ്ദേഹം അവധിക്ക് നാട്ടിലേക്ക് പോയത്. നാട്ടിലെത്തി മഹാരാഷ്ട്രയിലെ ചില തീർഥാടന സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് ഇദ്ദേഹം പറഞ്ഞതായി അബുദാബിയിലെ സുഹൃത്തുക്കൾ ഓർമിച്ചു. തീർഥാടനത്തിലായതുകൊണ്ടാവാം ഇദ്ദേഹത്തെ ഫോണിൽ കിട്ടാത്തതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഏതായാലും നിരവധി തവണ സുഹൃത്തുക്കളും ബിഗ് ടിക്കറ്റ് അധികൃതരും മാറി മാറി വിളിച്ചതോടെ രവീന്ദ്രയെ ഫോണിൽ കിട്ടി. ഈ സന്തോഷവാർത്ത കേട്ട രവീന്ദ്ര തന്റെ തീർഥാടനം പൂർത്തിയാക്കി എത്രയും വേഗം ബിഗ് ടിക്കറ്റ് അധികൃതരെ ബന്ധപ്പെടാം എന്ന് അറിയിച്ചു.
എന്താണ് ബിഗ് ടിക്കറ്റ്
നമ്മുടെ നാട്ടിലെ ലോട്ടറിയുടെ മാതൃകയിലുള്ള ഒരു നറുക്കെടുപ്പ് പരിപാടിയാണ് ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയും അബുദാബി ഇന്റർനാഷണൽ വിമാനത്താവളത്തിൽനിന്നും അബുദാബി സിറ്റി ടെർമിനലിൽനിന്നും ബിഗ് ടിക്കറ്റ് ലഭിക്കും. 500 അബുദാബി ദിർഹമാണ് ഒരു ടിക്കറ്റിന്റെ വില അതായത് ഏതാണ്ട് 9,400 ഇന്ത്യൻ രൂപ. രണ്ടു ടിക്കറ്റ് വാങ്ങുന്നവർക്ക് മൂന്നാമത്തെ ടിക്കറ്റ് തികച്ചും സൗജന്യമാണ്.
10 ലക്ഷം ദിർഹമാണ് ഏറ്റവും വലിയ സമ്മാനത്തുക. ഇതുകൂടാതെ ആഢംബര കാറുകളും ബൈക്കുകളുമൊക്കെ കിട്ടുന്ന മറ്റ് ടിക്കറ്റുകളുമുണ്ട്. മാസത്തിൽ ഒരിക്കലാണ് നറുക്കെടുപ്പ് നടക്കുന്നത്.
ഭാഗ്യസമ്മാനങ്ങൾ വാരിക്കൂട്ടി ഇന്ത്യക്കാർ
രവീന്ദ്രയെ കോടീശ്വരനാക്കിയ അതേ നറുക്കെടുപ്പിൽ ലാൻഡ് റോവർ ആഡംബരക്കാറിനുള്ള നറുക്കെടുപ്പിലും വിജയി കുമാര ഗണേശൻ എന്ന ഇന്ത്യക്കാരനാണ്. നറുക്കെടുപ്പിൽ നാല്, എട്ട്, ഒന്പത്, പത്ത് സ്ഥാനങ്ങളും ഇന്ത്യാക്കാർക്കാണ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നുതവണയും മലയാളികൾ
വളരെയധികം മലയാളികൾക്ക് ഭാഗ്യം കൊണ്ടുവന്നുകൊടുത്തിട്ടുള്ള നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ്. ഇക്കഴിഞ്ഞ ജനുവരിയിലെ നറുക്കെടുപ്പിൽ മലയാളിയായ ശരത് പുരുഷോത്തമനാണ് ഒരു കോടി ദിർഹം നേടിയത്. ഫെബ്രുവരിയിലാകട്ടെ പ്രശാന്ത് പണ്ടാരത്തിൽ എന്ന മലായാളിയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
കഴിഞ്ഞ വർഷം ഈ സമ്മാനം ലഭിച്ച 10 പേർ മലയാളികളായിരുന്നു. ഇതിനുപുറമേ ഗൾഫ് മേഖലകളിൽ വിവിധ ഭാഗ്യ നറുക്കെടുപ്പുകളിൽ മറ്റെല്ലാ രാജ്യക്കാരെക്കാൾ വിജയികളാകുന്നത് മലയാളികളാണ്. ഈ പ്രദേശങ്ങളിൽ മലയാളികളുടെ സാന്നിധ്യം കൂടുതലാണെന്നുളളതാണ് കാരണം.