പത്താംക്ലാസിലെ ബയോളജി പുസ്തകം സെക്സുമായി ബന്ധപ്പെട്ട ഗുരുതരപിശകുമായി കടന്നുപോയത് മൂന്നു വര്ഷം. കേരളത്തില് പാഠപുസ്തകനിര്മ്മിതിയിലെ അനാസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നത്. പുസ്തകം തയ്യാറാക്കിയ അധ്യാപകനെ പാഠപുസ്തക നിര്മ്മിതിയില് നിന്നും പുറത്താക്കുമെന്നാണ് വിവരം. സെക്സ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തിയതിന്റെ പേരില് പുറത്താകുന്ന ആദ്യ അധ്യാപകനായിരിക്കും അദ്ദേഹം.
ആ മഹാനെ കണ്ടെത്താനുള്ള ശ്രമങ്ങള് എസ്സിഇആര്റ്റി ആരംഭിച്ചു കഴിഞ്ഞു. പത്താംതരത്തിലെ ബയോളജി ടെക്സ്റ്റ്ബുക്കിലാണ് അബദ്ധം സംഭവിച്ചത്. എന്നാലും മൂന്നു വര്ഷങ്ങള്ക്ക് മുമ്പ് സംഭവിച്ച അബദ്ധം കണ്ടെത്താന് ഇത്രയും താമസിച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് എസ്സിഇആര്ടി. സംസ്ഥാന സര്ക്കാരിന്റെ നേതൃത്വത്തില് പ്രവര്ത്തിക്കുന്ന എസ്സിഇആര്ടിയാണ് പാഠപുസ്തകങ്ങള് തയ്യാറാക്കുന്നത്. ബയോളജി ടെക്സ്റ്റിലെ നാലാം അധ്യായത്തിലാണ് അബദ്ധം സംഭവിച്ചത്. രോഗങ്ങളെ എങ്ങനെ മാറ്റിനിര്ത്താം എന്ന അധ്യായത്തിലായിരുന്നു ഇത് .
വിവാഹപൂര്വ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളുമാണ് എച്ച്ഐവിക്ക് കാരണമാകുന്നത് എന്നാണ് പുസ്തകത്തിലെ തെറ്റായ പരാമര്ശം. മലപ്പുറം ജില്ലയിലെ ഒരു അധ്യാപികയാണ് തെറ്റ് കണ്ടെത്തിയത്. തെറ്റു ചൂണ്ടിക്കാട്ടി അവര് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് കത്തെഴുതുകയും ചെയ്തു. അവരുടെ സുഹ്യത്തിന്റെ മകള് ബയോളജി പഠിക്കാനെത്തിയപ്പോഴാണ് തെറ്റ് കണ്ടത്. ഹയര്സെക്കന്റിയിലെ പാഠപുസ്തകങ്ങളില് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളാണ് എയ്ഡ്സിന് കാരണമെന്ന് പറഞ്ഞിട്ടുള്ളതായി അധ്യാപിക ചുണ്ടി കാണിക്കുന്നു.
എച്ച്ഐവി ബാധിതരായ രക്ഷകര്ത്താക്കളുടെ മക്കള് പത്താം തരത്തില് പഠിക്കുകയാണെങ്കില് അവരുടെ കാര്യം കഷ്ടത്തിലാകുമെന്ന് മനശാസ്ത്രജ്ഞര് പറയുന്നു. തങ്ങളുടെ രക്ഷകര്ത്താക്കള് വിവാഹേതര ലൈംഗികബന്ധത്തില് ഏര്പ്പെട്ടതു കൊണ്ടാണ് എച്ച്ഐവി ബാധിച്ചതെന്ന് പറഞ്ഞാല് എന്തായിരിക്കും അവരുടെ മാനസികാവസ്ഥയെന്ന് മനശാസ്ത്രജ്ഞര് ചോദിക്കുന്നു. അടുത്ത അധ്യയനവര്ഷം തെറ്റ് തിരുത്താം എന്നാണ് എസ്സിഇആര്ടി ഡയറക്ടര് ജെ. പ്രസാദ് പറയുന്നത്. പാഠ പുസ്തകത്തിലെ തെറ്റ് ഇതുവരെ കണ്ടെത്താത്തതില് പ്രസാദ് അത്ഭുതം പ്രകടിപ്പിച്ചു.
കേരളത്തിലെ പാഠപുസ്തകനിര്മ്മിതിയിലെ ഗുരുതര പോരായ്മയാണ് ഇതില് നിന്നും ചുണ്ടികാണിക്കപ്പെടുന്നത്. തെറ്റിദ്ധാരണാജനകമായ വിവരങ്ങള് കുട്ടികള്ക്ക് കൈമാറുമ്പോള് അത് ഭാവിതലമുറയെ വഴി തെറ്റിക്കുന്നു. തെറ്റുകള് കണ്ടെത്തിയാല് അധ്യാപകരെ പാഠപുസ്തക നിര്മ്മിതിയില് നിന്നും മാറ്റി നിര്ത്തുകയാണ് പതിവ്. കഴിഞ്ഞ സര്ക്കാരിന്റെ കാലത്താണ് ഇപ്പോഴത്തെ പാഠപുസ്തകം തയ്യാറാക്കിയത്. പാഠപുസ്തകം തയ്യാറാക്കുന്നതിലും രാഷ്ട്രീയമുണ്ട്. അടുത്ത സര്ക്കാര് അധികാരത്തില് വരുമ്പോള് പുറത്താക്കുന്ന അധ്യാപകര് മടങ്ങിയെത്തും. എന്നാലും മൂന്നു വര്ഷമായി കുട്ടികള് പഠിക്കുന്ന തെറ്റ് ഒരു അധ്യാപകനും കണ്ടെത്താഞ്ഞത് കേരളത്തിലെ അധ്യാപകരുടെ കഴിവുകേടായോ അജ്ഞതയായോ വ്യാഖ്യാനിക്കപ്പെട്ടേക്കാം.