ഹോളിവുഡ് സിനിമകൾ കണ്ടാണ് ജപ്പാൻകാരനായ മസാക്കി നഗുമോയുടെ മനസിൽ ആ മോഹമുദിച്ചത്…ഒരു റോബട്ടിനെ നിർമിക്കുക. മെക്കാനിക്കൽ എൻജിനിയറിംഗും റോബോട്ടിക്സുമൊക്കെ പഠിച്ചതും ഇതിനുവേണ്ടിതന്നെ. അങ്ങനെ റോബട്ട് നിർമാണത്തിനുള്ള വിദ്യകളെല്ലാം ഈ യുവാവ് സ്വായത്തമാക്കി.
പക്ഷേ, റോബട്ട് നിർമിക്കാനുള്ള ഉപകരണങ്ങൾ മേടിക്കാൻ പണമില്ല. അങ്ങനെ മസാക്കി ജോലിക്കു പോയിത്തുടങ്ങി. ശന്പളത്തിൽനിന്നു മിച്ചംവച്ചതൊക്കെ സ്വരുക്കൂട്ടി സാമഗ്രികളൊപ്പിച്ചു.
പക്ഷേ, അപ്പോഴേക്കും ലോകം വല്ലാണ്ട് വളർന്നിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ റോബട്ടുകൾ നിർമിച്ചു തുടങ്ങി. വെറുമൊരു റോബട്ടിനെ നിർമിച്ചിട്ടിനി കാര്യമില്ലെന്നു മസാക്കി തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത റോബട്ടിന്റെ സൃഷ്ടിയിലേക്കു മസാക്കിയെ നയിച്ചത്.
28 അടി ഉയരവും എട്ടു ടണ്‍ ഭാരവുമുള്ള എൽഡബ്ല്യു റോബട്ടിനെ കണ്ടാൽ ട്രാൻസ്ഫോമേഴ്സ് എന്ന ഹോളിവുഡ് ചിത്രമാകും ആളുകളുടെ മനസിൽ വരിക. മസാക്കി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു സഞ്ചരിക്കാനും വിരലുകൾ ചലിപ്പിക്കാനുമെല്ലാം ഈ ഭീമൻ റോബട്ടിനു കഴിയും.
വേണ്ടിവന്നാൽ ഓടുകയും ചെയ്യും. ലക്ഷ്യംനോക്കി വെടിയുതിർക്കാനുള്ള സംവിധാനവും മസാക്കി ഈ റോബട്ടിലുൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഭാരമില്ലാത്ത പ്ലാസ്റ്റിക് ബോളുകളാണ് വെടിയുണ്ടകൾ. മസാക്കിയുടെ ബിഗ് റോബട്ടിന്റെ വെടിയേറ്റ് ആർക്കുംതന്നെ പരിക്കേൽക്കില്ലെന്നു ചുരുക്കം.
എന്നാൽ, ആവശ്യാനുസരണം വെടിയുതിർക്കുന്നതിന്റെ ശക്തി കൂട്ടാനാകും. ജപ്പാനിൽ സൂപ്പർഹിറ്റായി മാറിയ മസാക്കിയുടെ റോബട്ടിനെത്തേടി വിദേശ രാജ്യങ്ങളിൽനിന്നു വരെ സാങ്കേതിക വിദഗ്ധർ എത്തിത്തുടങ്ങിയിട്ടുണ്ട്.