ബിഗ് സല്യൂട്ട്! പ്രോട്ടോക്കോള്‍ മറികടന്ന് ജവാനെ വാരിപ്പുണര്‍ന്ന് രാജ്‌നാഥ് സിംഗ്; 30 സൈനികരുടെ ജീവന്‍ രക്ഷിച്ചത് ബസില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലായിരുന്ന ഗോധ് രാജിന്റെ ചങ്കൂറ്റം

imageധീരതയ്ക്കുള്ള അവാര്‍ഡ് സ്വീകരിക്കാനായി വേദിയിലേക്ക് കടന്നു വന്ന  44കാരനായ ബിഎസ്എഫ് ജവാനെ ചട്ടക്കൂടുകളില്‍ കുരുങ്ങി നില്‍ക്കാതെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വാരിപ്പുണര്‍ന്നു.

ഗോധ് രാജ് വരുമ്പോള്‍ സദസ്സ് ഒന്നടങ്കം കയ്യടിക്കുകയായിരുന്നു. ജവാന്‍ നിര്‍ബന്ധമായും നല്‍കേണ്ട സല്യൂട്ട് സ്വീകരിക്കാന്‍ നില്‍ക്കാതെ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മന്ത്രി രാജ്‌നാഥ് സിംഗ് ഗോധ് രാജിനെ അഭിനന്ദിക്കുകയായിരുന്നു.

2014ല്‍ ജമ്മുകശ്മീരിലെ ഉധംപൂരിലായിരുന്നു സംഭവം. അതിര്‍ത്തി രക്ഷാ സേനയ്ക്ക് അകമ്പടി വഹിക്കുന്ന ബസ്സിലായിരുന്നു ഗോധ് രാജ് ഉണ്ടായിരുന്നത്. തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ താടിയെല്ലിന് വെടിയേറ്റതിനാല്‍ സംസാര ശേഷി നഷ്ടപ്പെട്ടു. ബസില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലായിരുന്ന ഗോധ് രാജിന്റെ മനസാന്നിധ്യമാണ് 30 സൈനികരുടെ ജീവന്‍ രക്ഷിച്ചത്.

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:  ‘നാം ഇന്ന് കണ്ടത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. 85% ത്തോളം അംഗഭംഗം വന്നിട്ടും യൂണിഫോമിട്ട് വന്ന ഗോധ് രാജിന്റെ നിശ്ചയദാര്‍ഡ്യം അഭിനന്ദനമര്‍ഹിക്കുന്നു’

Related posts