പേരൂര്‍ക്കട: ജമ്മുകശ്മീരില്‍ സ്ഫോടനത്തില്‍ മരിച്ച ജവാന് നാടും നാട്ടാരും യാത്രാമൊഴി നല്കി. ചൂഴമ്പാല വെയിലിക്കുന്ന് ’’സ്വാതി’’യില്‍ വേണുകുമാര്പ്രിയ ദമ്പതികളുടെ മകന് വി.പി അക്ഷയ് (23) ആണ് മരണപ്പെട്ടത്. 23ന് അര്‍ദ്ധരാത്രിയോടടുത്ത് കശ്മീരില്‍ യാത്രയ്ക്കിടെ മൈന്പൊട്ടിയുണ്ടായ അപകടത്തില്‍ മരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
ഡല്‍ഹിയില്‍നിന്നു പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലും തുടര്‍ന്ന് പാങ്ങോട് സൈനിക ക്യാമ്പിലും എത്തിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പൊതുദര്‍ശനത്തിനു വച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഒ.രാജഗോപാല്‍ എം.എല്‍.എ, വി.കെ പ്രശാന്ത് എം.എൽ.എ, വി.വി രാജേഷ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ആർ. ദിനേഷ്കുമാര്‍, വി. അനിത തുടങ്ങി നിരവധിപേര്‍ വസതിയിലെത്തി ധീരജവാന് അന്ത്യോപചാരം അര്‍പ്പിച്ചു. 11.30ഓടുകൂടി മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടത്തി. തുടർന്ന് തൈക്കാട് ശാന്തികവാടത്തിലെത്തിച്ച മൃതദേഹത്തില്‍ സൈനികര്‍ ആദരാഞ്ജലി അർപ്പിച്ചു.
തുടര്‍ന്ന് സംസ്കാരച്ചടങ്ങുകള്‍ നടത്തി. 7 വര്‍ഷത്തിനുമുമ്പാണ് അക്ഷയ് ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത്. ഏകസഹോദരന് വി.പി അര്ജുന് പ്ലസ്വണ് വിദ്യാര്‍ത്ഥിയാണ്. തങ്ങളുടെ പ്രിയങ്കരനായ അക്ഷയ്യുടെ വിയോഗവാര്‍ത്ത ഇനിയും വിശ്വസിക്കാനാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
ഹൃദയം തകര്‍ന്ന വേദനയില്‍ വീടും നാടും
പേരൂര്‍ക്കട: ചൂഴമ്പാല വെയിലിക്കുന്ന് ’’സ്വാതി’’ വീട്ടില്‍ ഇനി അക്ഷയ് ഉണ്ടാകില്ല. 7 വര്‍ഷത്തിനുമുമ്പ് സൈനികസേവനത്തിനു പോയ അക്ഷയ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. കാഷ്മീരില്‍ മൈന്‍പൊട്ടി മരണപ്പെട്ട ആ ധീരജവാന്റെ ശരീരത്തെ അഗ്നി ഒന്നോടെ വിഴുങ്ങിക്കളയുകയായിരുന്നു. അഹമ്മദാബാദിലായിരുന്നു അക്ഷയുടെ ജോലി.
ഡ്രൈവറായി ജോലിനോക്കിവന്ന അക്ഷയ് അടുത്തിടെയാണ് ജമ്മുകശ്മീരിലേക്ക് പകരക്കാരനായി ജോലിക്കു പോകുന്നത്. ഉടന്‍തന്നെ ഹവില്‍ദാര്‍ ആകേണ്ടതായിരുന്നു അക്ഷയ്. ജമ്മുകശ്മീരില്‍നിന്ന് അഹമ്മദാബാദിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു. 23ാം തീയതി രാത്രി 9 മണിക്ക് അക്ഷയുടെ ഫോണ്‍ വരുമ്പോള്‍ അമ്മ പ്രിയയും കുടുംബവും ട്രെയിന്‍ യാത്രയിലായിരുന്നു.
ഫോണിന് റേഞ്ചില്ലായിരുന്നതിനാല് പിന്നീട് തിരികെവിളിക്കാമെന്നു പറഞ്ഞ് ആ അമ്മ ഫോണ്‍ വച്ചു. പിന്നീട് അക്ഷയുടെ ആ സംഭാഷണം കേള്‍ക്കാന്‍ അമ്മയ്ക്കായില്ല. അര്‍ധരാത്രിയോടടുത്ത് അടുത്ത ഫോണ്‍ വരുന്നത് അധികാരികളില്നിന്നായിരുന്നു. അക്ഷയുടെ മരണവിവരമാണ് ആ ധീരജവാന്റെ അമ്മയ്ക്ക് കേള്‍ക്കാനായത്. അക്ഷയുടെ പിതാവ് തയ്യല്ത്തൊളിലാളിയാണ്.
പിതാവിനെ മകന്റെ മരണം തളര്ത്തിക്കളഞ്ഞിരിക്കുകയാണ്. അക്ഷയ്ക്കൊപ്പമുണ്ടായിരുന്ന രാജസ്ഥാന് സ്വദേശിയായ ഒരു യുവാവും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. സ്വപ്നങ്ങളെ നെഞ്ചിലേറ്റിയ യുവാവ് ഒടുവില്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ ആ ധീരജവാന്റെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. അക്ഷയ് ഇനി മടങ്ങിവരില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല.