ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിംഗിന് സൈനിക വേഷത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ച് ആറുവയസുള്ള മകന്. വന്‍ ജനാവലിയാണ് ധീരയോദ്ധാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ ഭവനത്തിലെത്തിയത്.
സൈനികവേഷത്തില്‍ തന്റെ പിതാവിന് അവസാന സല്യൂട്ട് അര്‍പ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
മന്‍പ്രീത് സിംഗിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പഞ്ചാബിലെ മുല്ലാന്‍പൂരിലെ വസതിയിലെത്തിച്ചപ്പോഴാണ് രണ്ടര വയസുള്ള സഹോദരിക്കൊപ്പം മകൻ പിതാവിന് ആദരമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിലെ അനന്തനാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ മന്‍പ്രീത് സിംഗിനൊപ്പം മേജര്‍ ആശിഷ് ധോന്‍ചക്ക്, ജമ്മു കാഷ്മീർ പോലീസിലെ ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരും വീരമൃത്യു വരിച്ചിരുന്നു.
19 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിംഗ് ഓഫീസറായിരുന്ന കേണല്‍ മന്‍പ്രീത് സിംഗ്(41) വിശിഷ്ട സേവനത്തിനുള്ള സേനാ മെഡല്‍ നേടിയ വ്യക്തിയാണ്.
ബുധനാഴ്ച രാത്രിയില്‍ സൈന്യവും പോലീസും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തിനിടെയായിരുന്നു കേണല്‍ മന്‍പ്രീത് സിംഗിനും മറ്റു രണ്ടുപേര്‍ക്കും ജീവഹാനി സംഭവിച്ചത്.
മേജര്‍ ആശിഷ് ധോന്ചക്കിന്റെ മൃതദേഹവും വന്‍ജനാവലിയുടെ അകമ്പടിയോടെയാണ് പാനിപ്പത്തിലുള്ള വീട്ടിലെത്തിച്ചത്. അദ്ദേഹത്തിന്റെ കുടുംബവും സൈനിക ഉദ്യോഗസ്ഥരും വിലാപയാത്രയെ അനുഗമിച്ചു.
ജമ്മു കാഷ്മീര്‍ പോലീസിലെ ഡിഎസ്പിയായിരുന്ന ഹുമയൂണ്‍ മുസമില്‍ ഭട്ടി(33)ന് ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയും പോലീസ് മേധാവി ദില്‍ബാഗ് സിംഗും ചേര്‍ന്ന് അന്ത്യോപചാരം അർപ്പിച്ചു.