മിക്കവര്‍ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ് സമൂസ. ചിലരൊക്കെ ഒറ്റയിരിപ്പില്‍ ഏഴും എട്ടും സമൂസ അകത്താക്കും. എന്നാല്‍ ഇക്കാലമത്രയും കഴിച്ചിട്ട് കാശ് അങ്ങോട്ട് കൊടുക്കുന്ന കാര്യമല്ലെ നാം കേട്ടിട്ടുള്ളു.
ഇപ്പോഴിതാ സമൂസ കഴിച്ചാല്‍ സമ്മാനം നേടാം എന്ന കാര്യം സമൂഹ മാധ്യമങ്ങളില്‍ എത്തി ചര്‍ച്ചയാവുന്നു. യുപിയിലെ ലാല്കുര്ത്തിയിലുള്ള കൗശല്‍ സ്വീറ്റ്സിലാണ് ഇത്തരമൊരു അവസരം. ശുഭം കൗശല്‍ എന്നയാളുടെ കടയാണിത്.
12 കിലോഗ്രാം ഭാരമുള്ള സമൂസയാണ് ഇത്. മൂന്ന് പാചകക്കാര്‍ ആറ് മണിക്കൂറോളം പണിയെടുത്താണ് ഇത് ചെയ്തത്. ഉരുളക്കിഴങ്ങ്, കടല, മസാലകള്‍, പനീര്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ നിറച്ചതാണ് ഈ ഭീമന് സമൂസ.
രാജ്യത്തെ ഏറ്റവും വലിയ സമൂസയാണെന്നാണ് കൗശല്‍ അവകാശപ്പെട്ടത്. ഈ സമൂസ 30 മിനിറ്റിനുള്ളില്‍ കഴിക്കുന്നവര്‍ക്ക് 71,000 രൂപ സമ്മാനം നല്‍കുമെന്നാണ് കൗശല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ബാഹുബലി സമൂസയുടെ കാര്യം ഫുഡ് ബ്ലോഗര്‍മാരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അതോടെ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പലരും കാത്തിരിക്കുകയാണത്രെ.
എന്തായാലും ഈ ഭീമന് സമൂസ ഇദ്ദേഹത്തിന്റെ കടയ്ക്ക് നല്ല പരസ്യമാണ് സമ്മാനിച്ചത്. നിരവധിപേര്‍ സാധാരണ സമൂസ രുചിക്കാനും ഈ ഭീമനെ ഒന്നു കാണാനുമായി ഇവിടെത്തുന്നു.
സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി കമന്റുകള്‍ ലഭിച്ചു. “ആശയം കൊള്ളാം. നല്ല പരസ്യം. മത്സര വിജയിയെ കാത്തിരിക്കുന്നു’എന്നാണൊരാള്‍ കുറിച്ചത്