വടക്കഞ്ചേരി : നക്ഷത്ര വിളക്കുകളുടെ സ്റ്റാർ രാജാവായി പാലക്കുഴിയിൽ ഭീമൻ ക്രിസ്മസ് നക്ഷത്രം.പാലക്കുഴി സെന്റ് തോമസ് പള്ളിക്കു മുന്നിലാണ് യുവാക്കളുടെ ആഴ്ചകൾ നീണ്ട പരിശ്രമത്തിൽ ഇതുവരെ എവിടെയും നിർമിക്കാത്ത അത്ര വലിപ്പമുള്ള നക്ഷത്രം ഒരുക്കി ഉയർത്തിയിട്ടുള്ളത്.
77 അടിയാണ് ഇതിന്റെ ഉയരം. 40 അടി വീതിയുണ്ട്. രണ്ട് ടണ്ണിൽ കൂടുതൽ ഭാരം. 250 മീറ്റർ തുണിയിലാണു നക്ഷത്രം നിർമിച്ചിട്ടുള്ളത്.
15 കവുങ്ങ്. തേക്ക്, ആഞ്ഞിലി എന്നിവയുടെ പട്ടികകൾ, 25 വലിയ മുളകൾ, കിലോക്കണക്കിന് കെട്ടുകന്പി തുടങ്ങിയവയുടെ സംയോജനമാണ് ഈ താരകം.
ഈ വലിയ നക്ഷത്രത്തിനു മുകളിൽ 30 അടിയിൽ മറ്റൊരു നക്ഷത്രവും സ്ഥാപിച്ചിട്ടുണ്ട്.പള്ളി വികാരി ഫാ.ജെയിംസ് വാളിമല, കൈക്കാരന്മാരായ സാബു മാളികപ്പുറം, ജോർജ് വടക്കേൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.
ദിവസവും വൈകീട്ട് നാലിനു തുടങ്ങി അർധരാത്രി വരെ നീളുന്നതായിരുന്നു ഓരോ ദിവസത്തേയും പണികൾ.വലിയ തെങ്ങുകളിൽ കപ്പി കെട്ടി ലോറിയുടെയും പിക്കപ്പുകളുടെയും സഹായത്തോടെ പല ദിശകളിലേക്കും വടംകെട്ടി വലിച്ചാണ് നക്ഷത്രം ഉയർത്തിയത്.
മുൻവർഷങ്ങളിലും വലിയ നക്ഷത്രങ്ങൾ നിർമ്മിച്ച് പാലക്കുഴിക്കാർ കയ്യടി നേടിയിട്ടുണ്ടെങ്കിലും ഇത്രയും ഭയാനകമായ ഉയരത്തിൽ നക്ഷത്രവിളക്ക് നിർമിച്ച് സ്ഥാപിക്കുന്നത് ആദ്യമാണെന്ന് പഞ്ചായത്ത് മെന്പർ കൂടിയായ പോപ്പി പറഞ്ഞു.