ബിഗ്ബോസ് മലയാളം സീസണ് 3 ആരംഭിച്ചതോടെ ഷോയുടെ പ്രേക്ഷകരെല്ലാം ആവേശത്തിലാണ്. മത്സരാര്‍ഥികളെക്കുറിച്ച് മുമ്പ് പറഞ്ഞു കേട്ട പേരുകളില്‍ ചിലര്‍ ഷോയിലുണ്ടെന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.
ഇതുകൂടാതെ കുറെ പുതുമുഖങ്ങളും ഇത്തവണ ഷോയില്‍ ഇടംപിടിച്ചിട്ടുണ്ട്. 14 മത്സരാര്‍ഥികള്‍ ഇനി നൂറു ദിവസം മലയാളികളെ ത്രസിപ്പിക്കും.
ഈ അവസരത്തില്‍ മത്സരാര്‍ഥികളെക്കുറിച്ച് ഒന്ന് അറിയാം…നടനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ നോബി മാര്‍ക്കോസിന്റെ പേര് സീസണ് മൂന്നിനോടനുബന്ധിച്ച് നേരത്തെ തന്നെ പറഞ്ഞു കേട്ടിരുന്നു. പ്രതീക്ഷിച്ചതുപോലെ താരം മത്സരത്തിനുണ്ട്.
പിന്നെ ആളുകള്‍ പ്രതീക്ഷിച്ചതു പോലെ തന്നെ ഷോയിലെത്തിയ താരങ്ങളാണ് ആര്‍ജെ കിടിലം ഫിറോസ് എന്ന ഫിറോസ് ഖാന് അബ്ദുള്‍ അസീസും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഇവരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ… നടന് മണിക്കുട്ടനും ഇവരുടെയൊപ്പം നമ്മെ രസിപ്പിക്കും.
ഇനി നമ്മള്‍ക്ക് അത്ര പരിചയമില്ലാത്ത ചില താരങ്ങളെക്കുറിച്ചാണ്…ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ പൂര്‍ത്തിയാക്കി സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്ന ഡിംപിള്‍ ബാലാണ് ഇക്കൂട്ടത്തില്‍ ഒരാള്‍.മീററ്റ് സ്വദേശിയാണ് ഡിംപിളിന്റെ അച്ഛന്. അമ്മ കട്ടപ്പന സ്വദേശിയാണ്.
പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യനും മോഡലും ഡോക്ടറുമായ മജീസിയ ഭാനുവാണ് മറ്റൊരാള്‍. വടകര സ്വദേശിയാണ് മജീസിയ. 2017ലെ ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡലോടെയാണ് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
കേരളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാളാണ് സൂര്യ ജെ. മേനോന്. മോഹന്‍ലാലിനൊപ്പം കാണ്ഡഹാര്‍ സിനിമയിലും മറ്റ് ഏതാനും സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി കൂടിയാണ്.
പാട്ടുകാരിയും വയലിനിസ്റ്റുമായ എ.ലക്ഷ്മി ജയനാണ് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥി. ആണ് ശബ്ദത്തില്‍ പാടാനുള്ള കഴിവും ലക്ഷ്മിക്കുണ്ട്.
ഡിജെയും മോഡലുമാണ് സായ് വിഷ്ണുവും ഇത്തവണ ബിഗ്ബോസിലുണ്ട്. നടനാവണം ഓസ്കര് നേടണം, കാന്‍ ഫെസ്റ്റിവലില്‍ പുരസ്കാരം നേടണം എന്നിങ്ങനെയാണ് സായ്യുടെ ആഗ്രഹങ്ങള്‍. ഏതാനും വെബ് സീരിസുകളുടെ ഭാഗമായിട്ടുണ്ട്.
സീതാകല്യാണം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് അനൂപ് കൃഷ്ണനും ഷോയുടെ ഭാഗമാകുന്നു. കോണ്ടസ, സര്‍വോപരി പാലക്കാരന്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിങ്ങനെ ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ബിഗ് ബോസിലെ പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഡോണി ടി ജോണ്‍. മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ അഡോണി നിലവില്‍ എറണാകുളം മഹാരാജാസ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി ചെയ്യുന്നു. യൂറോപ്പിലെ അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തിലാണ് അഡോണി പിഎച്ച്ഡി ചെയ്യുന്നത്.
ഡി ഫോര്‍ ഡാന്‍സ് ഷോയിലൂടെ ശ്രദ്ധേയനായ താരമായ മുഹമ്മദ് റംസാനാണ് ബിഗ് ബോസ് സീസണ് 3യിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി.
മോഡലും ഗായികയും നടിയുമായ ഋതു മന്ത്ര. യോഗ പരിശീലകയായ സന്ധ്യ മനോജ് തുടങ്ങിയവരും ഇത്തവണ അങ്കത്തിനുണ്ട്. മുന്‍ മിസ് ഇന്ത്യ മത്സരാര്ഥിയാണ് കണ്ണൂര്‍ സ്വദേശിനി ഋതു മന്ത്ര. യോഗയും ക്ലാസിക്കല്‍ ഡാന്‍സും സമന്വയിപ്പിച്ച് കൊണ്ടുള്ള നൃത്തരൂപം പരിശീലിപ്പിക്കുന്ന സന്ധ്യ മനോജ് നോര്‍ത്ത് പറവൂര്‍ സ്വദേശിനിയാണ്.