ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വിവാദങ്ങൾ ശക്തമാകുന്പോഴും ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ വൻ ഉയർച്ചയാണ് പ്രകടമാകുന്നത്.
ബാർക്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തു വരുന്പോൾ 11.65 പോയിന്റ് നേടി ബിഗ് ബോസ് വലിയ നേട്ടം കൊയ്തു.
ബിഗ് ബോസ് മത്സരം 50 എപ്പിസോഡിലേക്ക് എത്തുന്പോൾ സീസണ് ഒന്നിനേക്കാൾ ആവറേജ് 20 ശതമാനം വർധന നേടുന്നുണ്ട്. ഹോട്ട്സ്റ്റാർ വ്യൂവർഷിപ്പിലും വൻ കുതിപ്പാണ് ബിഗ് ബോസ് നേടുന്നത്.
വരാനിരിക്കുന്ന ശനി, ഞായർ എപ്പിസോഡിൽ ആരു പുറത്തുപോകുമെന്നതും പുതിയതായി ആരൊക്കെ ഹൗസിലെത്തുമെന്നതും നിർണായകമാണ്.
എന്തായാലും ഇപ്പോൾ നടക്കുന്ന ട്രെൻഡ് തുടരാനാണ് ഷോ മേക്കേഴ്സിനും താത്പര്യം. ആഴ്ചകൾ തോറും വർധിച്ചു വരുന്ന റേറ്റിംഗ് മികവു തന്നെ അതിനു കാരണം.
അസുഖം ബാധിച്ച് തിരികെ പോയവർ മടങ്ങിവരാൻ സാധ്യത ഏറെയാണ്. എന്നാൽ മടങ്ങിയെത്തുന്പോൾ പുറത്തുനിന്നുള്ള പ്രതികരണം അവർ ഷോയിലെ മത്സരാർഥികളോട് പങ്കുവച്ചാൽ അതു ഷോയ്ക്കു ദോഷം ചെയ്യുമോ എന്നു കാത്തിരുന്നു കാണാം.
എലിമിനേഷൻ റൗണ്ട് ഉടനെത്തുന്നത് ഷോയിൽ നിർണായകമാകും. ഡോ.രജിത് കുമാറിനെ ഒറ്റപ്പെടുത്തുന്നതും ഗ്രൂപ്പിസവും കയ്യേറ്റവും കയറിപ്പിടിത്തവും മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഷോയുടെ അടിസ്ഥാന നിയമങ്ങൾ ലംഘിക്കുകയാണെന്നതിലും തർക്കമല്ല.
അവതാരകൻ മോഹൻലാലിനും വിമർശനങ്ങൾ ഏറെയാണ്. ഷോ കാണാതെയാണ് വാരാന്ത്യത്തിൽ വിലയിരുത്താൻ മോഹൻലാൽ എത്തുന്നതെന്നാണ് ആരോപണം.
ബിഗ്ബോസിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിട്ടും അവയൊന്നും അവതാരകൻ പരാമർശിക്കാതെ പോകുന്നതും ചിലർക്കു നൽകുന്ന തലോടലുമാണ് അതിനു കാരണം.
ഡോ. രജിത് കുമാറിലൂടെയായിരിക്കും ബിഗ് ബോസ് ആദ്യഘട്ടതിൽ ശ്രദ്ധിക്കപ്പെടുന്നത് എന്നു ഞങ്ങൾ മുന്പുതന്നെ പറഞ്ഞിരുന്നു. അതു ശരിവയ്ക്കുന്ന കാഴ്ചകളാണ് ഇപ്പോൾ അരങ്ങേറുന്നത്. പുതിയതായ മത്സരാർഥികൾ എത്തുന്പോൾ ഇനി ഷോയുടെ കഥ മാറും എന്നു പ്രതീക്ഷിക്കാം.
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ കണ്സെപ്റ്റ് തന്നെ മാറിക്കഴിഞ്ഞു. ഷോ എന്താണെന്നു മനസിലാക്കാൻ അവിടെത്തുന്ന സെലിബ്രിറ്റികൾക്കു കഴിഞ്ഞിട്ടില്ല. അവരുടെ മുൻപരിചയങ്ങളും അടുപ്പവുമാണ് വിനയായത്.
റിയാലിറ്റികൾക്കപ്പുറം തികച്ചും നാടകങ്ങളാണ് അരങ്ങേറുന്നത്. എല്ലാവർക്കും നിലനിൽപ്പും സാന്പത്തികവും തന്നെയാണ് മുഖ്യം. കളി അതിരുവിടുന്പോൾ പണ്ടത്തെ മലയാളി ഹൗസുകാരുടെ ഇപ്പോഴത്തെ അവസ്ഥ ഒന്നോർക്കുന്നത് നല്ലതാണ്.
പ്രേം ടി. നാഥ്