പ്രിയ മോഹൻലാൽ, താങ്കൾക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നു ആദ്യ സീസണ് ബിഗ് ബോസ് ഹൗസിലേക്കു കത്തെഴുതിയവർക്കും ഇപ്പോഴും വിമർശിക്കുന്നവർക്കും പകരം വീട്ടിക്കൊണ്ട് മോഹൻലാലിന്റെ ബിഗ് ബോസ് പുതിയ പതിപ്പിന്റെ വ്യൂവർഷിപ്പ്.
ഷോ സംപ്രേക്ഷണം തുടങ്ങി ദിവസങ്ങള് പിന്നിടുന്പോൾ ആദ്യ വാര ബ്രോഡ്കാസ്റ്റിംഗ് ഓഡിയൻസ് റിസേർച്ച് കൗണ്സിൽ ഇന്ത്യയുടെ ചാനൽ റേറ്റിംഗിൽ വന്പൻ മുന്നേറ്റമാണ് ഏഷ്യാനെറ്റ് ചാനൽ നേടിയിരിക്കുന്നത്. ലോഞ്ചിംഗ് ഇവന്റിലും ഒപ്പം വീക്ക് ഇവന്റുകളിലുമായി 11 പോയിന്റുവരെ നേടിയെന്നാണ് പുതിയ റേറ്റിംഗ് തെളിയിക്കുന്നത്.
ഇതേ ദിവസം അതേസമയം ഐഎസ്എൽ ഫുട്ബോൾ കേരള-ഹൈദരാബാദ് മൽസരം സംപ്രേഷണം ചെയ്തു ഏഷ്യാനെറ്റ് പ്ലസ് ഏഴ് പോയിന്റു നേടിയത് ബിഗ് ബോസിനു വിനയായി മാറി. എന്തായാലും ഇന്ത്യയുടെ ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം മഴ കാരണം മാറ്റിവെച്ചത് തുണയായി. ഇവിടെ ഏറെ ശ്രദ്ധേയമാകുന്നത് ഏഷ്യാനെറ്റ് അതിന്റെ ടിആർപി റേറ്റിംഗിൽ വലിയ കുതിപ്പ് നടത്തിയെന്നതാണ്. സമീപ കാലത്ത് വൻ തിരിച്ചുവരവാണിത്.
ദക്ഷിണേന്ത്യൻ ചാനലുകളിൽ തന്നെ മുൻപന്തിയിലാണ് ഏഷ്യാനെറ്റ് ഇടം നേടിയിരിക്കുന്നത്. അതു ബിഗ് ബോസിന്റേയും മോഹൻലാലിന്റേയും സാന്നിധ്യമാണെന്നാണ് വിലയിരുത്തുന്നത്.
എന്നാൽ മലയാള ചാനൽ എന്റർടെൻമെന്റുകളുടെ ആദ്യ അഞ്ചു പ്രോഗ്രാമുകളുടെ പട്ടികയിൽ ഇടം നേടാൻ ഈ ഷോയ്ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല. വാനന്പാടിക്കു ശേഷം നാലു സ്ഥാനം പരന്പരകളും അഞ്ചാം സ്ഥാനം കോമഡി ഫെസ്റ്റിവലുമാണ് നേടിയിരിക്കുന്നത്. ഫാമിലി ഓഡിയൻസിൽ പ്രത്യേകിച്ചും 35 വയസിനു മുകളിലുള്ളവർ കുടുംബ സമേതം ബിഗ് ബോസ് പോലെയുള്ള ഷോയ്ക്കു നേരെ മുഖം തിരിക്കുന്നുണ്ട്. വർഷങ്ങൾക്കു മുന്പ് സൂര്യ ടിവിയുടെ മലയാളി ഹൗസ് തന്നെയാണ് ചാനൽ സംസ്കാരത്തിൽ ഇത്തരം ഷോകളോടുള്ള മുഖം തിരിക്കലിനു കാരണമായത്.
ഏതു സൂപ്പർതാര ഷോയും ഫ്ളവേഴ്സ് ടിവിക്കു ഭീഷണിയല്ലെന്നു തെളിയിച്ച വാരം കൂടിയാണ് കടന്നു പോയത്. മികച്ച പ്രോഗ്രാമുകളുമായി രണ്ടാം സ്ഥാനം ഈ ചാനൽ നേടി. എന്നാൽ മഴവിൽ മനോരമ പിന്നിട്ട വാരത്തേക്കാൾ 14 പോയിന്റ് നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്തേക്കു മാറി.
സുരേഷ് ഗോപി അവതാരകനായി എത്തിയ മഴവിൽ മനോരമയിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ 4.25 റേറ്റിംഗാണ് രേഖപ്പെടുത്തിയത്. മുൻനിര ചാനലുകളിൽ സൂര്യ ടിവി അഞ്ചാം സ്ഥാനത്തേക്കു കൂപ്പുകുത്തി. സീ കേരളത്തിനും കൈരളി ടിവിക്കുമൊക്കെ ബിഗ് ബോസ് സൃഷ്ടിച്ചത് വലിയ ഇടിവു തന്നെയാണ്.
കഴിഞ്ഞ സീസണിൽ മഹാപ്രളയവും വിവാദ മത്സരാർഥികളും ബിഗ് ബോസിനു പ്രതികൂല കാരണങ്ങളായിരുന്നു. ഇക്കുറിയും സമ്മിശ്ര പ്രതികരണം മാത്രമാണ് മത്സരാർഥികളുടെ കാര്യത്തിൽ ഷോ നേടുന്നത്. പ്രഭാഷകനും അധ്യാപകനുമായ ഡോ.രജിത് കുമാറിനെ പോലെയുള്ളവരെ മേക്കോവർ പോലും മാറ്റി ഈ ഷോയിലേക്കെത്തിക്കാൻ കഴിഞ്ഞത് ഏഷ്യാനെറ്റിന്റെ വലിയ നേട്ടം തന്നെയാണ്. എന്നാൽ പുരുഷ മത്സരാർത്ഥികൾ ആരും തന്നെ നിലവാരമില്ലാതെ പോയി എന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.
24 മണിക്കൂറിൽ നടക്കുന്ന സംഭവങ്ങൾ എഡിറ്റ് ചെയ്തു മണിക്കൂറുകളിലേക്കു മാറ്റുന്പോൾ പരദൂഷണവും വാക്കു തർക്കവും സെന്റിമെൻസും കുളിസീനും പ്രണയവും പാതിരാക്കളികളുമായി മാറുന്പോൾ ഏത് പ്രേക്ഷകർ സ്വീകരിക്കുമെന്നത് ചോദ്യം തന്നെയാണ്.
ചാനൽ സിനിമകളിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടുന്നത് മോഹൻലാൽ സിനിമകൾക്കാണ്. എന്നാൽ ആ പ്രേക്ഷകരെ പോലും മോഹൻലാൽ അവതാരകനായ ഈ ഷോ നേടുന്നില്ല എന്നതാണ് കാര്യം. ഇവിടെ തിരിച്ചറിവുകൾ ഉണ്ടാകേണ്ടത് ചാനലിനാണ്. 50 കോടി മുതൽ മുടക്കിയ ഷോ ബജറ്റ് തിരിച്ചു പിടിക്കേണ്ടത് അനിവാര്യമായതുകൊണ്ടു തന്നെ ഇനി ശ്രദ്ധിച്ചു നീങ്ങേണ്ടതാണ് ബിഗ് ബോസ് ഹൗസിലെ ഓരോ കളികളും.
ചിലരുടെ സാന്നിധ്യം ഈ ഷോയിക്കു കടന്നു വരാം എന്നതിനും സൂചനകളുണ്ട്. എന്തായാലും മോഹൻലാൽ പറയുന്നതുപോലെ ഇനി കളികൾ വേറെ ലെവൽ ആകേണ്ടതുണ്ട്.
പ്രേം ടി. നാഥ്