തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ലേഷ്യ. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം എന്ന ഖ്യാതി റഫ്ലേഷ്യയ്ക്കാണ്. ഒരു പുഷ്പത്തിന് പത്തു കിലോയോളം തൂക്കമുണ്ടാകും. അതേസമയം, മറ്റൊരു കുപ്രസിദ്ധിയും ഈ പൂവിനുണ്ട്.
ലോകത്തിലെ ഏറ്റവും മോശം മണമുള്ള പൂവു കൂടിയാണിത്. ശവപുഷ്പമെന്നു വിളിക്കപ്പെടുന്ന ഈ പൂക്കൾക്ക് അഴുകിയ മാംസത്തിന്റെ ദുർഗന്ധമാണുള്ളത്. ഇന്തോനേഷ്യൻ വനത്തിലാണ് റഫ്ലേഷ്യയെ കണ്ടെത്തിയിട്ടുള്ളത്. പൂവിട്ടു കഴിഞ്ഞാൽ ഹ്രസ്വകാലത്തേക്കു മാത്രമാണ് ഇവ ഉണ്ടാകൂ. പെട്ടെന്നുതന്നെ അഴുകി നശിക്കും.
കടുത്ത ദുർഗന്ധമുണ്ടെങ്കിലും ഇവയുടെ പൂക്കൾ കാണാൻ തേടിപ്പിടിച്ചെത്തുന്നവർ നിരവധി. അവരിൽ ഗവേഷകരാണു കൂടുതൽ. പരാന്നഭോജി ജനുസിൽപ്പെട്ട റഫ്ലേഷ്യ വിഭാഗത്തിലെ ഒട്ടുമിക്ക സസ്യങ്ങളും വംശനാശ ഭീഷണിയിലാണെന്നു പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
റഫ്ലേഷ്യയുടെ നിലവിൽ കണ്ടെത്തിയിട്ടുള്ള 67 ശതമാനവും സംരക്ഷിത പ്രദേശങ്ങൾക്കു പുറത്തായതുകൊണ്ട് വംശനാശം അതിവേഗം സംഭവിക്കുന്നതായും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭീമൻ പൂവ് അധികകാലം ഭൂലോകത്ത് ഉണ്ടാവാനിടയില്ലെന്നു സാരം.