ചെന്നൈ: ബിഗിൽ സിനിമയുടെ പ്രദർശനം വൈകിയതിനെ തുടർന്ന് അക്രമം നടത്തിയ 37 വിജയ് ആരാധകർ അറസ്റ്റിൽ. സിനിമയുടെ പ്രദർശനം വൈകിയതിനെ തുടർന്ന് തമിഴ്നാട് കൃഷ്ണഗിരിയിലായിരുന്നു വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം. പുലർച്ചെയുള്ള പ്രത്യേക പ്രദർശനം വൈകിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
സിനിമയുടെ പോസ്റ്ററുകൾ നശിപ്പിച്ച ആരാധകർ റോഡിലിറങ്ങി ബാരിക്കേഡുകൾ തകർക്കുകയും സ്ഥാപനങ്ങൾക്കു നേരെ കല്ലെറിഞ്ഞ് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പോസ്റ്ററുകളും ബാരിക്കേഡും തിയറ്റർ കവാടത്തിന് മുന്നിലിട്ട് കത്തിച്ചു.
പുലർച്ചെ ഒരുമണിക്കാണ് കൃഷ്ണഗിരിയിലെ മൂന്ന് തിയറ്ററുകളിൽ വിജയ് സിനിമയുടെ പ്രത്യേക പ്രദർശനം നടത്താനിരുന്നത്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പ്രദർശനം രണ്ട് മണിക്കൂർ വൈകുമെന്ന് അധികൃതർ അറിയിച്ചു. ഇതിനെ തുടർന്നാണ് ആരാധകർ റോഡിലിറങ്ങിയത്.
കോർപ്പറേഷന്റെ കുടിവെള്ള ടാങ്കുകളും കടകളുടെ ബോർഡുകളും ആരാധകരും തല്ലിത്തകർത്തു. യുവാക്കളും കൗമാരക്കാരുമാണ് അക്രമം നടത്തിയത്. നൂറോളം പോലീസ് എത്തിയാണ് സ്ഥിതി സാധാരണ നിലയിലാക്കിയത്. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.