പാറ്റ്ന: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ. വോട്ടെണ്ണലിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. വോട്ടെണ്ണൽ രാവിലെ എട്ടു മണി മുതൽ ആരംഭിക്കും.
55 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി 78 കന്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
അഞ്ചു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നതിന്റെ പ്രതീക്ഷയിലാണ് എൻഡിഎ മുന്നണിയും മഹാസഖ്യവും.
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന്റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം.
ഒട്ടുമിക്ക എല്ലാ എക്സിറ്റ് പോളിലും ബിഹാറിൽ അധികാരമാറ്റം സംഭവിക്കുമെന്നും മഹാസഖ്യം അധികാരത്തിലെത്തുമെന്നും പ്രവചിച്ചിരുന്നു.
എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎ മുന്നണി വലിയ വിശ്വാസം പ്രകടിപ്പിക്കുന്നില്ല. ഇക്കുറിയും എൻഡിഎ മുന്നണി ബിഹാർ ഭരിക്കുമെന്നാണ് ബിജെപി, ജെഡിയു നേതാക്കളുടെ പ്രതീക്ഷ.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം എന്തായാലും സംയമനം പാലിക്കണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് അണികൾക്ക് നിർദേശം നൽകി.