പാറ്റ്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മഹാസഖ്യത്തിൽ ഉൾപ്പോര് മറനീക്കി പുറത്ത്. കടുത്ത അതൃപ്തിയുമായി സിപിഐ എംഎൽ ആണ് രംഗത്ത് വന്നത്.
തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ കോണ്‍ഗ്രസിന്റെ പ്രകടനത്തിനെതിരെയാണ് തുറന്ന പ്രതികരണവുമായി സിപിഐ എംഎൽ രംഗത്ത് വന്നത്.
കോണ്‍ഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായെന്ന് സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുറന്നടിച്ചു. അടിത്തറ നഷ്ടപ്പെട്ട പാർട്ടിയാണ് കോണ്‍ഗ്രസെന്നും കോണ്‍ഗ്രസിന്റെ സാമൂഹിക രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും ഭട്ടാചാര്യ തുറന്നടിച്ചു.
ബിഹാർ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗൗരവമായി കണ്ടില്ലെന്നും ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു.ബംഗാളിൽ കോണ്‍ഗ്രസുമായി ചേർന്ന സിപിഎമ്മിന് മുന്നറിയിപ്പും ഭട്ടാചാര്യ നൽകുന്നുണ്ട്. കോണ്‍ഗ്രസുമായുള്ള സഖ്യം സിപിഎമ്മിന് തിരിച്ചടിയാകും.
നഷ്ടം സംഭവിക്കുക സിപിഎമ്മിന് മാത്രമാകും. കോണ്‍ഗ്രസുമായുള്ള ബംഗാളിലെ സഖ്യത്തിൽ സിപിഐ എംഎൽ പങ്കാളിയാവില്ല- ദീപാങ്കർ ഭട്ടാചാര്യ വ്യക്തമാക്കി.
മഹാസഖ്യത്തിൻറെ ഭാഗമായി ബിഹാറിൽ 70 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്. അതേസമയം, സഖ്യത്തിന്റെ ഭാഗമായ ഇടതുപാർട്ടികൾ തിളക്കമാർന്ന വിജയവും നേടിയിരുന്നു. സിപിഐ(എംഎൽ-ലിബറേഷൻ) 20 സീറ്റിൽ മത്സരിച്ച അവർ 12ലും വിജയിച്ചു.