മദ്യവര്‍ജന നയവുമായി കേരളാ ഗവണ്മെന്റ് മുമ്പോട്ടു പോകുമ്പോള്‍ മദ്യ നിരോധനം നടപ്പാക്കുന്നതിന് പുതുവഴികള്‍ തേടി ബിഹാര്‍ സര്‍ക്കാര്‍.
സംസ്ഥാനത്ത് നിയമവിരുദ്ധ മദ്യക്കച്ചവടം വ്യാപകമായതോടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്.
മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട ജോലി ഉപേക്ഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്നാണ് നിതീഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്. പുതിയൊരു ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ ഈ തുക ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമാണ് പുതിയ പദ്ധതി.
2016ലാണ് മദ്യനിരോധനവുമായി ബന്ധപ്പെട്ട് ബീഹാറില്‍ നിയമം കൊണ്ടുവന്നത്. ഏകദേശം നാല് ലക്ഷത്തിലധികം പേര് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
ലഹരി വിമുക്ത ദിനത്തിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതിയ്ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടക്കം കുറിച്ചത്. ബീഹാറിന്റെ സന്തോഷത്തിനും അഭിവൃദ്ധിയ്ക്കും ഈ തീരുമാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘ലഹരി വിമുക്ത ദിനത്തില്‍, എല്ലാത്തരം മയക്കുമരുന്നുകളും ഒഴിവാക്കാനും സമൃദ്ധവും ആരോഗ്യകരവും സന്തുഷ്ടവുമായ ബീഹാറിനായി മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് നമ്മള് വഹിക്കുമെന്നും പ്രതിജ്ഞയെടുക്കാം,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ബീഹാറില്‍ കര്‍ശനമായി മദ്യനിരോധനം കൊണ്ടുവരുമെന്നും ആ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉപജീവനത്തിനായി മറ്റ് തൊഴിലുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വലിയ വിഭാഗം ജനങ്ങള്‍ ഈ പദ്ധതിയ്ക്ക് കീഴില്‍ ഗുണഭോക്താക്കളാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യ ഉത്പാദനം നിര്‍ത്തുന്നവര്‍ക്ക് മാത്രമല്ല കള്ളു ചെത്ത് ഉപേക്ഷിക്കുന്നവര്‍ക്കും ഈ ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.
കള്ള് നിര്‍മ്മാണ മേഖലയിലുള്ളവര്‍ അത് ഉപേക്ഷിച്ച് നീര ഉണ്ടാക്കാന്‍ ആയി രംഗത്തെത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബീഹാറില്‍ മദ്യം ഉപയോഗിക്കുന്നവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും എന്നാല്‍ അതിന്റെ കച്ചവടം നടത്തുന്നവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ബീഹാറിനെ നവീകരിക്കാനായി നിരവധി പദ്ധതികളുമായി രംഗത്തെത്തിയ വ്യക്തിയാണ് നിതീഷ് കുമാര്‍. ഈ ഓഗസ്റ്റിലാണ് ബിജെപിയുമായുള്ള സഖ്യമുപേക്ഷിച്ച് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ആര്‍ജെഡിയുമായി സഖ്യത്തിലായി വീണ്ടും അധികാരത്തിലേറിയത്.
ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി. ഇത് എട്ടാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാണ്.
നിതീഷ്-ലാലു കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് മൂന്നാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്.
2017-ല്‍ ആര്‍ജെഡിയുമായുള്ള സഖ്യം വിട്ട നിതീഷ് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. പിന്നീട് നിതീഷ്കുമാര്‍ ബിജെപി സഖ്യം ഉപേക്ഷിച്ച് വീണ്ടും ആര്‍ജെഡിയുമായി കൂട്ടുക്കെട്ടുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു.